വഖഫ് ഭേദഗതി ബില്ല് പാസായാലും നിയമപരമായി നേരിടുമെന്ന് മുസ്ലിംലീഗ്
Wednesday, April 2, 2025 1:11 PM IST
തിരുവനന്തപുരം: വഖഫ് നിയമ ഭേദഗതി ബില്‍ പാർലമെന്റിൽ പാസായാലും അതിനെ നിയമപരമായി നേരിടുമെന്ന് മുസ്ലിംലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
മുസ്ലീം വിഭാഗത്തെ മാത്രമല്ല ബില്ല് ബാധിക്കുകയെന്നും ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശം ലംഘിക്കുന്ന ഒരുപാട് വകുപ്പുകള്‍ അതിലുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുനമ്പത്തെ പ്രശ്നം ഇതുമായി ബന്ധിപ്പിക്കരുത്. മുനമ്പം പ്രശ്നം കേരള സര്‍ക്കാര്‍ മുന്‍കൈയെടുത്ത് തീര്‍ക്കാവുന്നതേയുള്ളൂ. അതിനെ വഖഫുമായി കൂട്ടിക്കെട്ടിയതില്‍ മറ്റ് ലക്ഷ്യങ്ങളുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തങ്ങള്‍ വഖഫ് കൈകാര്യം ചെയ്തിരുന്നപ്പോള്‍ മുനമ്പം പ്രശ്നം ഉണ്ടായിരുന്നില്ല. അത് അച്യുതാനന്ദന് സര്‍ക്കാരിന്റെ കാലത്തുണ്ടായ ഒരു കമ്മീഷന് റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ പ്രശ്നമാണ്. മുനമ്പം പ്രശ്നം സൃഷ്ടിച്ചതും തീര്ക്കാതിരിക്കുന്നതും എല്‍ഡിഎഫ് സര്‍ക്കാരാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.