ആശാ വർക്കർമാരെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ
Wednesday, April 2, 2025 11:40 AM IST
തിരുവനന്തപുരം: ആശാ വർക്കർമാരെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. വ്യാഴാഴ്ച വൈകുന്നേരം മൂന്നിന് ആരോഗ്യമന്ത്രി വീണാ ജോർജാണ് ആശമാരുമായി ചർച്ച നടത്തുന്നത്. സെക്രട്ടറിയേറ്റിനു മുന്നിലെ ആശമാരുടെ സമരം അൻപത് ദിവസം പിന്നിട്ടതോടെയാണ് സർക്കാർ സമരത്തിനു വിളിച്ചിരിക്കുന്നത്.
സമരക്കാർക്കൊപ്പം സിഐടിയു, ഐഎൻടിയുസി നേതാക്കളെയും ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. നേരത്തെ സർക്കാർ രണ്ട് തവണ ആശാ വർക്കർമാരുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.
അതേസമയം തീരണമെങ്കിൽ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആശ വർക്കർമാർ പറഞ്ഞു. നിരാഹാര സമരം നടത്തിയും, മുടിമുറിച്ചു പ്രതിഷേധിച്ചും ആശാവർക്കർമാരുടെ സമരം ഒന്നരമാസം പിന്നിട്ടിട്ടും സമരം പരിഹരിക്കാൻ നടപടി കൈക്കൊള്ളാത്ത കേന്ദ്രസംസ്ഥാന സർക്കാരുകളുടെ നടപടിയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു.
ചർച്ചയിൽ ആശാവർക്കർമാരുടെ അടിയന്തര ആവശ്യങ്ങളായ ഓണറേറിയം വർധന, വിരമിക്കൽ ആനുകൂല്യം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ പറഞ്ഞിരുന്നു.