വാളയാര്‍ കേസില്‍ ഹൈക്കോടതി ഇടപെടല്‍; പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞു
Wednesday, April 2, 2025 11:22 AM IST
പാലക്കാട്: വാളയാര്‍ കേസില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. തങ്ങള്‍ക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.
കേസില്‍ പ്രതികളായ മാതാപിതാക്കള്‍ വിചാരണക്കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലും കോടതി ഇളവ് അനുവദിച്ചു. കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യത്തില്‍ വിശദമായ വാദം കേള്‍ക്കും. ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ ഇവര്‍ക്കെതിരേ ഒരു നടപടിയും പാടില്ലെന്ന് കോടതി പറഞ്ഞു.
എറണാകുളത്തെ സിബിഐ കോടതി-3ൽ സമർപ്പിച്ച കുറ്റപത്രത്തിൽ ദുരൂഹസാഹചര്യത്തിൽ പെൺകുട്ടികളുടെ മാതാപിതാക്കളെക്കൂടി പ്രതി ചേർത്തിരുന്നു. ഇവർക്ക് സമൻസ് അയക്കലുൾപ്പെടെയുള്ളവയ്ക്കായി നടപടികൾ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് തങ്ങളെ പ്രതിചേർത്ത സിബിഐ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ സിബിഐക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
സിബിഐയുടെ കുറ്റപത്രത്തില്‍ അമ്മയും അച്ഛനും രണ്ടും മൂന്നും പ്രതികളാണ്. കുറ്റപത്രത്തില്‍ അമ്മയ്ക്കെതിരെ ഗുരുതര കണ്ടെത്തലുകളുമുണ്ട്. കുട്ടികളുടെ മുന്നില്‍ വെച്ച് കേസിലെ ഒന്നാം പ്രതിയായ വലിയ മധുവും അമ്മയും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ മാതാപിതാക്കള്‍ ഒത്താശ ചെയ്തുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. മൂത്ത മകളെ ഒന്നാം പ്രതി ലൈംഗികാതിക്രമം നടത്തിയത് അറിഞ്ഞിട്ടും ഇളയ മകള്‍ക്കെതിരെയും ലൈംഗികാതിക്രമം നടത്താന്‍ അമ്മ പ്രേരിപ്പിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്.