കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം; ബാലു രാജി പിൻവലിച്ചാൽ പരിഗണിക്കുമെന്ന് ദേവസ്വംമന്ത്രി
Wednesday, April 2, 2025 8:54 AM IST
തിരുവനന്തപുരം: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽനിന്നും രാജിവച്ച കഴകക്കാരൻ ബി.എ. ബാലു രാജി പിൻവലിച്ചാൽ പരിഗണിക്കുമെന്ന് ദേവസ്വംമന്ത്രി വി.എൻ. വാസവൻ. സർക്കാർ ബാലുവിനൊപ്പം നിന്നുവെന്നും വാസവൻ പറഞ്ഞു.
അതേസമയം ബാലുവിന്റെ രാജി വ്യക്തിപരമെന്ന് ദേവസ്വം ചെയർമാൻ സി.കെ. ഗോപി പറഞ്ഞു. ഇക്കാര്യം ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനെയും സർക്കാരിനെയും അറിയിക്കുമെന്നും ഗോപി പറഞ്ഞു.
ചൊവ്വാഴ്ച കൂടൽമാണിക്യം ക്ഷേത്രത്തിലെ ദേവസ്വം ഓഫീസിലെത്തിയാണ് അഡ്മിനിസ്ട്രേറ്റര്‍ക്ക് ബാലു രാജി കത്ത് കൈമാറിയത്. വിവാദങ്ങള്‍ക്കുശേഷം അവധിയിൽ പോയ ബാലു ഇന്ന് ജോലിയിൽ തിരികെ പ്രവേശിക്കേണ്ടതായിരുന്നു.
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിയമത്തെ തുടർന്ന് ഫെബ്രുവരി 24നാണ് ബാലു കഴകക്കാരനായി ഇരിങ്ങാലക്കുടയിലെത്തിയത്. കഴകം ജോലിയിൽ പ്രവേശിച്ച ബാലുവിനെ തന്ത്രിമാരുടെ എതിർപ്പിനെ തുടർന്ന് ഓഫീസ് ജോലിയിലേക്ക് മാറ്റിയിരുന്നു. അതിനുശേഷം ബാലു അവധിയിലായിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് മാത്രമാണ് രാജിക്കത്തിലുള്ളത്.