പോലീസ് സ്റ്റേഷനിൽ ആദിവാസി യുവാവ് തൂങ്ങിമരിച്ച കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കും
Wednesday, April 2, 2025 8:35 AM IST
കൽപ്പറ്റ: പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ പട്ടികവർഗ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. അന്പലവയൽ നെല്ലാറച്ചാൽ പുതിയപാടി ഉന്നതിയിലെ ചന്ദ്രൻ-ഓമന ദന്പതികളുടെ മകൻ ഗോകുലാണ്(18)മരിച്ചത്.
കേസിൽ എസ്ഐ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുക്കും. സിസിടിവി ദൃശ്യങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കും. സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണവും പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച രാവിലെയാണ് ഗോകുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശുചിമുറിയിലെ ഷവറിൽ ഷർട്ടിൽ കെട്ടിത്തൂങ്ങുകയായിരുന്നു.
ആദിവാസികളിലെ പണിയ വിഭാഗത്തിൽപ്പെട്ട ഗോകുലിനെയും കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെയും അഞ്ചുദിവസം മുന്‍പ് കാണാതായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കോഴിക്കോട് പുതിയ സ്റ്റാൻഡ് പരിസരത്ത് വനിതാ സെൽ ജീവനക്കാർ തിങ്കളാഴ്ച രാത്രി കണ്ടെത്തി കൽപ്പറ്റ പോലീസിനു കൈമാറി.
രാത്രി വൈകി മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കാൻ കഴിയാത്തതിനാൽ പെണ്‍കുട്ടിയെ "സഖി’യിലേക്കു മാറ്റി. യുവാവിനെ സ്റ്റേഷനിൽ നിർത്തി.രാവിലെ 7.45ന് മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ട് ശുചിമുറിയിൽ പോയ യുവാവ് പത്ത് മിനിറ്റായിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് വാതിൽ പൊളിച്ച് നോക്കിയപ്പോഴാണ് തൂങ്ങിയനിലയിൽ കണ്ടത്.
കെട്ടഴിച്ച് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നതായി പോലീസ് പറഞ്ഞു. യുവാവ് സ്റ്റേഷനിലുള്ള വിവരം കുടുബത്തെ അറിയിച്ചിരുന്നതായി പോലീസ് പറഞ്ഞു.