ജർമൻ യുവതിയെ പീഡിപ്പിച്ചു; കാർ ഡ്രൈവർ അറസ്റ്റിൽ
Wednesday, April 2, 2025 1:34 AM IST
ഹൈദരാബാദ്: ജർമൻ യുവതിയെ പീഡിപ്പിച്ച കേസിൽ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. അബ്ദുൾ അസ്ലം എന്നയാളാണ് പിടിയിലായത്.
ഹൈദരാബാദിലെ പഹാഡിഷരീഫ് പോലീസ് സ്റ്റേഷന്റെ കീഴിലുള്ള മാമിഡിപ്പള്ളിയിൽ വച്ചാണ് സംഭവം നടന്നത്. പ്രദേശത്തെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോകാം എന്ന് വാഗ്ദാനം ചെയ്ത് ഇയാൾ യുവതിയെയും വിദേശിയായ സുഹൃത്തിനെയും കാറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു.
യുവതിയുടെ മറ്റൊരു സുഹൃത്തായ രംഗറെഡ്ഡി ജില്ലയിലെ മീർപേട്ട് സ്വദേശി മംഗളഗിരി ശരത് ചന്ദ്ര ചൗധരിയുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഇറ്റലിയിലെ മെസീന സർവകലാശാലയിൽ പഠിക്കുന്നതിനിടെയാണ് ജർമൻ യുവതിയും മാക്സിമിലിയൻ ക്വിയുവാൻലിയുവു എന്നയാളും ശരത് ചന്ദ്രയുമായി പരിചയത്തിലാകുന്നത്.
മാർച്ച് നാലിനാണ് ഇവർ ഇന്ത്യ സന്ദർശിക്കാനായി ഹൈദരാബാദിൽ എത്തിയത്. മീർപേട്ടിലെ ശരത് ചന്ദ്രയുടെ വസതിയിൽ താമസിച്ചിരുന്ന ഇവർ നഗരത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചുവരികയായിരുന്നു,
മാർച്ച് 31ന് വൈകിട്ട് യുവതിയും സുഹൃത്തും അടുത്തുള്ള പച്ചക്കറി മാർക്കറ്റ് സന്ദർശിക്കാൻ വീട്ടിൽ നിന്നും പുറപ്പെട്ടു. ഇതിനിടെയാണ് പ്രതിയെ കണ്ടുമുട്ടുന്നത്.
ശരത് ചന്ദ്രയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 64 (1) പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് യാകുത്പുര നിവാസിയായ 25കാരനായ അസ്ലമിനെ ചൊവ്വാഴ്ച വൈകുന്നേരം നാലിന് പോലീസ് അറസ്റ്റ് ചെയ്തു.
പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.