പഞ്ചാബിന്റെ പഞ്ച്; തകർന്നടിഞ്ഞ് ലക്നോ സൂപ്പർ ജയന്റ്സ്
Tuesday, April 1, 2025 11:19 PM IST
ലക്നോ: ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിംഗ്സിന് തുടർച്ചയായ രണ്ടാം ജയം. ഇത്തവണ ലക്നോവിനെ വീഴ്ത്തിയാണ് പഞ്ചാബ് എട്ടുവിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയത്. സ്കോർ: ലക്നോ സൂപ്പർ ജയന്റ്സ് 171/7, പഞ്ചാബ് കിംഗ്സ് 177/2(16.2).
ലക്നോ ഉയർത്തിയ 172 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് 16.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. പ്രഭ്സിമ്രാന് സിംഗ് (34 പന്തില്‍ 69), ശ്രയസ് അയ്യര്‍ (28 പന്തില്‍ 52) എന്നിവർ അർധസെഞ്ചുറി നേടി.
നെഹല്‍ വധേര 25 പന്തില്‍ പുറത്താവാതെ 43 റൺസ് നേടി. പഞ്ചാബിന് നഷ്ടമായ രണ്ടു വിക്കറ്റുകളും ദിഗ്വേഷ് സിംഗ് സ്വന്തമാക്കി. നാല് ഓവറിൽ 30 റൺസ് വഴങ്ങിയാണ് താരം രണ്ടു വിക്കറ്റെടുത്തത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലക്നോവിന് വേണ്ടി ആയുഷ് ബദോനി (33 പന്തില്‍ 41), നിക്കോളാസ് പുരാന് (30 പന്തില്‍ 44) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. പ്രഭ്സിമ്രാന് സിംഗിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
രണ്ടാം ജയത്തോടെ പഞ്ചാബ് പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനം നിലനിർത്തിയപ്പോൾ രണ്ടാം തോൽവി നേരിട്ട ലക്നോ ആറാം സ്ഥാനത്തേക്ക് വീണു.