നാദാപുരത്തുനിന്നു കാണാതായ യുവതിയും മക്കളും ഡൽഹിയിൽ
Tuesday, April 1, 2025 10:44 PM IST
നാദാപുരം: കോഴിക്കോട് നാദാപുരം വളയം ചെറുമോത്തുനിന്നു കാണാതായ യുവതിയും രണ്ട് മക്കളും ഡൽഹിയിൽ എത്തിയതായി സൂചന. സംഭവത്തിൽ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ചെറുമോത്ത് കുറുങ്ങോട്ട് ഹൗസില്‍ ആഷിത (29), മക്കളായ മെഹ്റ ഫാത്തിമ (10), ലുക്ക്മാന്‍ (5) എന്നിവരെ കഴിഞ്ഞ വെള്ളിയാഴ്ചയാണു കാണാതായത്. വസ്ത്രങ്ങള്‍ വാങ്ങാനെന്ന വ്യാജേനായാണ് ആഷിത മക്കളെയും കൂട്ടി വളയത്തെ ഭര്‍തൃവീട്ടില്‍നിന്ന് ഇറങ്ങിയത്.
പിന്നീട് വീട്ടില്‍ തിരിച്ചത്താത്തതിനെത്തുടര്ന്ന് ബന്ധുക്കള്‍ വളയം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടയിൽ യുവതി ഉപയോഗിച്ചിരുന്ന സ്കൂട്ടർ വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. വടകരയിൽനിന്ന് ട്രെയിനിൽ യുവതിയും മക്കളും പിന്നീട് ബംഗളൂരുവിൽ എത്തിയതായും പോലീസ് സ്ഥിരീകരിച്ചു.
ബംഗളൂരുവിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തെ സിസിടിവി ദൃശ്യങ്ങളിൽ യുവതിയും മക്കളും നടന്നുപോവുന്നതും കഴിഞ്ഞ ദിവസം ഡൽഹിയിലേക്കുള്ള ട്രെയിൻ കയറുന്ന ദൃശ്യങ്ങളും അന്വേഷ സംഘങ്ങൾക്ക് ലഭിച്ചിരുന്നു. ഇതേത്തുടർന്ന് യുവതിയുടെ ബന്ധുക്കളും മറ്റും ഡൽഹിയിൽ എത്തിയിട്ടുണ്ട്.
ഖത്തറിലുള്ള ഭർത്താവും ഡൽഹിയിൽ എത്തി. വളയം ഇൻസ്പെക്ടർ ഇ.വി. ഫായിസ് അലിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം. യുവതിയും മക്കളും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതിന്റെ കാരണം വ്യക്തമല്ല.