മരിച്ചയാളുടെ പഴ്സിൽനിന്ന് 3,000 രൂപ മോഷ്ടിച്ച എസ്ഐക്കെതിരേ തുടർനടപടിക്കു സാധ്യത
Tuesday, April 1, 2025 10:23 PM IST
കൊച്ചി: മരിച്ചയാളുടെ പഴ്സിൽ നിന്ന് 3,000 രൂപ മോഷ്ടിച്ച കേസിൽ സസ്പെൻഷനിലായ ഗ്രേഡ് എസ്ഐക്കെതിരേ തുടർ നടപടിക്ക് സാധ്യത. വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.വർഗീസിന് എസ്പി ഡോ. വൈഭവ് സക്സേന നിർദേശം നൽകി.
പോലീസ് സേനക്ക് നാണക്കേടുണ്ടാക്കിയ ഗ്രേഡ് എസ്ഐ സലീമിനെ ആദ്യ ഘട്ടത്തിൽ രക്ഷിക്കാൻ സഹപ്രവർത്തകർ ശ്രമിച്ചെന്നും സൂചനയുണ്ട്. കഴിഞ്ഞ മാസം 19ന് നടന്ന സംഭവം ദിവസങ്ങൾ കഴിഞ്ഞാണ് ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞത്.
ട്രെയിനിൽനിന്ന് വീണ് മരിച്ച ആസാം സ്വദേശിയുടെ ബാഗ് പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ അതിലെ പഴ്സിൽ നിന്നാണ് എസ്ഐ പണം കവർന്നത്. സിസിടിവി ദ്യശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം കണ്ടെത്തിയത്.
ആലുവ ഡിവൈഎസ്പി പി.ആർ.രാജേഷ് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലും എസ്ഐ സലിം സേനയ്ക്ക് കളങ്കമുണ്ടാക്കിയെന്ന് പരാമർശമുണ്ട്.
ആലുവ ടൗൺ പോലീസ് സ്റ്റേഷനിലെ എസ്ഐയായിരുന്ന സലീമിനെ ട്രാഫിക്ക് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയ ശേഷമാണ് സസ്പെൻഡ് ചെയ്തത്. ഇതിന് മുമ്പ് സേവനമനുഷ്ടിച്ച പോലീസ് സ്റ്റേഷനുകളിലും സലീമിനെതിരേ നടപടി ഉണ്ടായിട്ടുണ്ട്.