ചര്‍ച്ച ക്രിയാത്മകം; ആശമാരുടെ ഇൻസെന്റീവ് വർധിപ്പിക്കുന്നത് പരിഗണനയിൽ: ജെ.പി.നദ്ദ
Tuesday, April 1, 2025 5:34 PM IST
ന്യൂഡൽഹി: ആശാവർക്കർമാരുടെ ഇൻസെന്റീവ് വർധിപ്പിക്കുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് കേന്ദ്ര മന്ത്രി ജെ.പി.നദ്ദ. ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ചയിലാണ് കേന്ദ്ര മന്ത്രി നിലപാട് വ്യക്തമാക്കിയത്.
ജെ.പി.നദ്ദയുടെ ഓഫീസിൽ നടത്തിയ ചർച്ചയിൽ കേന്ദ്ര ആരോഗ്യസെക്രട്ടറി ഉൾപ്പടെയുള്ളവർ പങ്കെടുത്തു. ചര്‍ച്ച ക്രിയാത്മകമായിരുന്നുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
ആശമാരുടെ പൊതുവിഷയങ്ങള്‍ ഉള്‍പ്പടെ കേരളം മുന്നോട്ടുവച്ച പ്രശ്നങ്ങളെല്ലാം അദ്ദേഹം വളരെ വിശദമായി കേട്ടു. ഈക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ അഭ്യര്‍ഥന അവതരിപ്പിച്ചു. ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കുന്നതും അവരെ തൊഴില്‍ നിയമങ്ങളുടെ പരിധിയില്‍ കൊണ്ടുവരുന്നതുള്‍പ്പടെ സംസാരിച്ചെന്നും മന്ത്രി പറഞ്ഞു.
ആശമാരുടെ പ്രശ്നം, 2023-24ലെ ഫണ്ട് കുടിശിക ലഭ്യമാക്കൽ, കാസർഗോഡും വയനാട്ടിലും മെഡിക്കൽ കോളജുകൾ ആരംഭിക്കുന്നതിനുള്ള പിന്തുണ, ഓൺലൈൻ ഡ്രഗ്സ് വിൽപന എന്നിങ്ങനെ നാല് വിഷയങ്ങളാണ് മന്ത്രിയുമായി സംസാരിച്ചത്.
മന്ത്രിയുടെ മറുപടിയിൽ പ്രതീക്ഷയുണ്ട്. എയിംസിന്റെ കാര്യവും ചർച്ചയായി. അനുകൂല നിലപാടാണ് കേന്ദ്ര മന്ത്രിയും സ്വീകരിച്ചതെന്നും വീണാ ജോർജ് പറഞ്ഞു. കഴിഞ്ഞ 19ന് ജെ.പി.നദ്ദയെ കാണാൻ അനുമതി തേടിയിരുന്നെങ്കിലും അന്ന് കാണാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ചൊവ്വാഴ്ചത്തേക്ക് കൂടിക്കാഴ്ച നിശ്ചയിക്കുകയായിരുന്നു.