തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഉത്തരക്കടലാസ് നഷ്ടപ്പെട്ട എംബിഎ പരീക്ഷ വീണ്ടും നടത്തും. 71 വിദ്യാര്‍ഥികളുടെ പരീക്ഷ ഏപ്രില്‍ ഏഴിനാണ് നടക്കുക. ചുമതലയുണ്ടായിരുന്ന അധ്യാപകനെ പരീക്ഷാചുമതലകളിൽ നിന്ന് ഡീബാർ ചെയ്യുമെന്നും കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.

വിദ്യാർഥികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് രണ്ടുതവണയായി പരീക്ഷ നടത്താനാണ് തീരുമാനം. ഏപ്രിൽ ഏഴിന് നടത്തുന്ന പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് 22-ാം തീയതിയുള്ള പരീക്ഷ എഴുതാൻ കഴിയും. ഏഴു കോളജുകളിലാണ് പരീക്ഷ നടത്തുന്നത്. കുട്ടികള്‍ക്ക് അവരുടെ അടുത്ത കോളേജ് തിരഞ്ഞെടുക്കാം. നാലുദിവസത്തിനുള്ളില്‍ ഫലം പ്രഖ്യാപിക്കും.

സംഭവത്തിൽ സർവകലാശാലക്കും അധ്യാപകനും വീഴ്ചപറ്റിയെന്നും വിസി പറഞ്ഞു. ഇന്ന് വിസിയുടെ നേതൃത്വത്തിൽ പരീക്ഷ കൺട്രോളർ, രജിസ്ട്രാർ എന്നിവരുടെ യോ​ഗം നടന്നിരുന്നു. പിന്നാലെ, ഉപസമിതിയോ​ഗവും ചേർന്നതിനു ശേഷമാണ് ഈ തീരുമാനത്തിലെത്തിയത്.

ശരാശരി മാർക്ക് നൽകി വിജയിപ്പിക്കുക എന്നായിരുന്നു വിദ്യാർഥികളുടെ ആവശ്യം. എന്നാൽ പിന്നീടുണ്ടാകുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർവകലാശാല പുനഃപരീക്ഷ നടത്താൻ തീരുമാനിച്ചത്.

അതേസമയം, വീണ്ടും പരീക്ഷയെന്ന തീരുമാനത്തിനെതിരേ പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്തെത്തി.