എന്പുരാൻ വിവാദം: ലോക്സഭയിലും ചർച്ചയില്ല; എംപിമാർ നൽകിയ നോട്ടീസ് തള്ളി
Tuesday, April 1, 2025 1:24 PM IST
ന്യൂഡൽഹി: എമ്പുരാൻ വിവാദം ലോക്സഭയിലും ചർച്ച ചെയ്തില്ല. വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എംപിമാർ നൽകിയ നോട്ടീസ് തള്ളി.
കോൺഗ്രസ് എംപിമാരായ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ബെന്നി ബെഹനാൻ, ആന്റോ ആന്റണി എന്നിവരാണ് നോട്ടീസ് നൽകിയത്. സിനിമയ്ക്കും അണിയറ പ്രവർത്തകർക്കുമെതിരായ സൈബർ ആക്രമണങ്ങളും, പ്രധാനപ്പെട്ട രംഗങ്ങൾ എഡിറ്റ് ചെയ്യണമെന്നതും ഫാസിസ്റ്റ് കൽപ്പനയാണെന്നും17 ഓളം രംഗങ്ങൾ എഡിറ്റ് ചെയ്ത് നീക്കണമെന്ന തീരുമാനം ആവിഷ്കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും എംപിമാർ ആരോപിച്ചു.
എന്നാൽ വിഷയം ചർച്ചയ്ക്കെടുക്കാതെ സ്പീക്കർ തള്ളി. അതേസമയം സഭാ നടപടികൾ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന് രാജ്യസഭയിൽ നൽകിയ നോട്ടീസും തള്ളിയിരുന്നു.
സിപിഎം എംപി എ.എ. റഹീമാണ് നോട്ടിസ് നൽകിയത്. എന്നാൽ റഹീമിന്റെ ആവശ്യം രാജ്യസഭാ അധ്യക്ഷൻ തള്ളുകയായിരുന്നു.