എട്ട് മാസം ഗർഭിണിയായ യുവതി ജീവനൊടുക്കിയ സംഭവം; ഭർതൃവീട്ടുകാർക്കെതിരേ പരാതി
Tuesday, April 1, 2025 12:05 PM IST
കോട്ടയം: കടപ്ലാമറ്റത്ത് എട്ട് മാസം ഗർഭിണിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരേ പരാതിയുമായി യുവതിയുടെ കുടുംബം. കടപ്ലാമറ്റം സ്വദേശിനി അമിതാ സണ്ണി (32) ആണ് മരിച്ചത്.
ഭർത്താവിന്റെ വീട്ടിലെ പീഡനമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വീട്ടുകാർ ആരോപിച്ചു. ഭർത്താവ് അഖിൽ മദ്യപാനി ആയിരുന്നുവെന്നും വീട്ടിൽ എന്നും പ്രശ്നങ്ങൾ പതിവായിരുന്നുവെന്നും യുവതിയുടെ പിതാവ് പറഞ്ഞു.
ആത്മഹത്യചെയ്യുന്നതിന് മുന്പ് മകൾ ഫോണിൽ വിളിച്ചിരുന്നു. രണ്ട് മക്കളെയും നോക്കണമെന്ന് പറഞ്ഞ് ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നെന്നും ഇദ്ദേഹം പറഞ്ഞു. സംഭവത്തിൽ കടുത്തുരുത്തി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
ഞായറാഴ്ചയാണ് കണ്ടാറ്റുപാടം സ്വദേശി അഖിൽ മാനുവലിന്റെ ഭാര്യ അമിത ജീവനൊടുക്കിയത്. നാല് വർഷം മുന്പായിരുന്നു ഇവരുടെ വിവാഹം.