ഒറ്റപ്പാലത്ത് എസ്ഐയെ ആക്രമിച്ച സംഭവം; പ്രതികൾ കസ്റ്റഡിയിൽ
Tuesday, April 1, 2025 7:18 AM IST
പാലക്കാട്: ഒറ്റപ്പാലം മീറ്റ്നയിൽ എസ്ഐയെ ആക്രമിച്ച സംഭവത്തിൽ പ്രതികൾ കസ്റ്റഡിയിൽ. മീറ്റ്ന സ്വദേശികളായ ഷിബു, വിവേക് എന്നിവരാണ് കസ്റ്റഡിയിലായത്.
യുവാക്കൾ തമ്മിലുള്ള തർക്കം തീർക്കാനെത്തിയ എസ്ഐയെ പ്രതികൾ ആക്രമിക്കുകയായിരുന്നു. എസ്ഐയെ മറ്റൊരാൾക്കും പരിക്കേറ്റിരുന്നു. ഒറ്റപ്പാലം മീറ്റ്നയില്‍ തിങ്കളാഴ്ച രാത്രി 12 ന് നടന്ന സംഭവത്തിൽ ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ രാജ് നാരായണനും പോലീസ് കസ്റ്റഡിയിലെടുത്ത അക്ബര്‍ എന്നയാള്‍ക്കുമാണ് വെട്ടേറ്റത്.
മീറ്റ്നയില്‍ ഇരുസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നു എന്നറിഞ്ഞാണ് പോലീസ് എത്തിയത്. അക്രമികളെ പിടിച്ചുമാറ്റുന്നതിനിടെ ഇരു വിഭാഗങ്ങളും പോലീസിനു നേരെ തിരിയുകയായിരുന്നു. സ്ഥലത്തു നിന്ന് കസ്റ്റഡിയിലെടുത്ത അക്ബറിനെ പോലീസ് വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഗ്രേഡ് എസ്ഐയ്ക്ക് കുത്തേറ്റത്.
പരിക്കേറ്റ ഇരുവരെയും കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഘർഷത്തിൽ നിരവധിപേർക്ക് പരിക്കേറ്റതായും കേസ് എടുത്തെന്നും പോലീസ് പറഞ്ഞു.