സിപിഎം പാർട്ടി കോൺഗ്രസിനു ബുധനാഴ്ച തുടക്കം; എം.എ. ബേബി ജനറൽ സെക്രട്ടറിയായേക്കും
Tuesday, April 1, 2025 1:03 AM IST
ന്യൂഡൽഹി: സിപിഎം പാർട്ടി കോൺഗ്രസിന് ബുധനാഴ്ച മധുരയിൽ തുടക്കമാകും. ഏപ്രിൽ രണ്ടു മുതൽ ആറു വരെ തമുക്കം മൈതാനത്തു നടത്തുന്ന യോഗത്തിൽ പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കും.
പിബിയിൽ തുടരുന്ന നേതാക്കളിൽ മുതിർന്ന അംഗത്തെ പരിഗണിക്കാൻ കേന്ദ്രനേതൃത്വം ധാരണയിലെത്തിയതോടെയാണ് എം.എ. ബേബി സാധ്യത തെളിഞ്ഞത്. ബേബിയെ സെക്രട്ടറിയായി തെരഞ്ഞെടുത്താൽ ഇഎംഎസിനു ശേഷം ആദ്യമായാകും കേരള ഘടകത്തിൽ നിന്ന് ഒരാൾ ഏറ്റവും ഉയർന്ന പദവിയിൽ എത്തുക.
മുഹമ്മദ് സലീം അശോക് ധാവ്ല എന്നിവരുടെ പേരുകളും ചർച്ചകളിൽ ഉയർന്നുവന്നിരുന്നു. സലീമിന് ബംഗാളിൽ നിൽക്കാനാണ് താത്പര്യം. മഹാരാഷ്ട്രയിലെ ലോംഗ് മാർച്ച് അടക്കം നയിച്ച് പാർട്ടിയിൽ സ്വീകാര്യത നേടിയ അശോക് ധാവ്ലയോട് പാർട്ടിയിലെ പ്രബല വിഭാഗത്തിന് താത്പര്യമില്ലെന്നും സൂചനയുണ്ട്.