നിധി തിവാരി പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും
Tuesday, April 1, 2025 12:42 AM IST
ന്യൂഡൽഹി: നിധി തിവാരിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കും. ഇതു സംബന്ധിച്ച ഉത്തരവ് പേഴ്സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പ് പുറത്തിറക്കി.
നിലവിൽ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഡെപ്യൂട്ടി സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ് നിധി. ഇന്ത്യൻ വിദേശകാര്യ സർവീസിലെ 2014 ബാച്ച് ഉദ്യോഗസ്ഥയാണ് നിധി തിവാരി. ഈ തസ്തികയിലെ ഏറ്റവും പ്രായം കുറഞ്ഞ ഉദ്യോഗസ്ഥയാകും നിധി.
പ്രധാനമന്ത്രിയുടെ ഓഫീസിൽ ചേരുന്നതിന് മുമ്പ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിരായുധീകരണ, അന്താരാഷ്ട്ര സുരക്ഷാ കാര്യ വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്. 2022ൽ അവർ പ്രധാനമന്ത്രിയുടെ ഓഫീസിൽ അണ്ടർ സെക്രട്ടറിയായി.
2023ൽ ഡെപ്യൂട്ടി സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിൽ വിദേശ, സുരക്ഷാ വിഭാഗത്തിൽ സേവനമനുഷ്ഠിച്ച നിധി വിദേശകാര്യം, സുരക്ഷ, ആണവോർജം തുടങ്ങിയ മേഖലകളുടെ ചുമതല വഹിച്ചിട്ടുണ്ട്.
വാരണാസിയിലെ മെഹ്മുർഗഞ്ച് സ്വദേശിയാണ് നിധി. വാരണാസിയിൽ അസിസ്റ്റന്റ് കമ്മീഷണറായി സേവനം ചെയ്തിരുന്നു.