കത്വയിൽ വീണ്ടും ഏറ്റുമുട്ടൽ; മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന് സൈന്യം
Monday, March 31, 2025 11:35 PM IST
ശ്രീനഗർ: ജമ്മുകാഷ്മീരിലെ കത്വയിലെ ബിലാവാര മേഖലയിൽ വീണ്ടും ഏറ്റുമുട്ടൽ. പ്രദേശത്ത് മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നതായാണ് വിവരം. സൈന്യം പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകി.
ഭീകരരെ സഹായിച്ചെന്ന് ആരോപിച്ച് ഒരു കുടുംബത്തിലെ ആറുപേരെ സൈന്യം കസ്റ്റഡിയിലെടുത്തു. നാല് സ്ത്രീകൾ ഉൾപ്പടെയാണ് പിടിയിലായത്. മേഖലയിൽ കഴിഞ്ഞ മൂന്നു ദിവസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.
കഴിഞ്ഞയാഴ്ച ഇതേ പ്രദേശത്ത് രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഏറ്റുമുട്ടലിൽ നാല് പോലീസുകാർ വീരമൃത്യുവരിക്കുകയും ചെയ്തിരുന്നു. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഉൾപ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
തുടർന്ന് ഇന്ത്യൻ ആർമി, നാഷണൽ സെക്യൂരിറ്റി ഗാർഡ്സ് (എൻഎസ്ജി), ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്), ജമ്മുകാഷ്മീർ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്, സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങൾ അഞ്ച് ദിവസം കത്വയിൽ തിരച്ചിൽ നടത്തിയിരുന്നു.