ഹൈദരാബാദിൽ സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകൻ കസ്റ്റഡിയിൽ
Sunday, March 30, 2025 5:50 PM IST
ഹൈദരാബാദ്: വീണ്ടും മാധ്യമ പ്രവർത്തകനെ കസ്റ്റഡിയിലെടുത്ത് തെലങ്കാന പോലീസ്. ഹൈദരാബാദ് സർവകലാശാലയിൽ സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
സൗത്ത് ഫസ്റ്റ് എന്ന വെബ് പോർട്ടലിന്റെ റിപ്പോർട്ടർ സുമിത് ഷായെയാണ് കസ്റ്റഡിയിലെടുത്തത്. മിത് ഷായെ പ്രസ് ഐഡി കാണിച്ചിട്ടും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഫോൺ പിടിച്ചെടുത്തു. പ്രതിഷേധിച്ച ശേഷമാണ് അത് തിരിച്ച് നൽകാൻ തയ്യാറായത്.
നേരത്തെയും മാധ്യമപ്രവർത്തകരെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമർശിച്ചതിന് രണ്ട് വനിതാ മാധ്യമപ്രവർത്തരെയാണ് അറസ്റ്റ് ചെയ്തത്.
സർവകലാശാലയുടെ 400 ഏക്കർ ഭൂമി തെലങ്കാന വ്യവസായ വികസന കോർപ്പറേഷൻ ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നു. ഇതിനെതിരെ ക്യാമ്പസിൽ കഴിഞ്ഞ കുറച്ച് കാലമായി സമരം നടന്ന് വരികയാണ്. ഇന്ന് ഉച്ചയോടെ സ്ഥലത്ത് ജെസിബികൾ കൊണ്ട് വന്നതറിഞ്ഞ് എത്തിയ വിദ്യാർഥികളെ പോലീസ് തടഞ്ഞു.
ഇത് ചോദ്യം ചെയ്ത വിദ്യാർഥികളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു. ഇത് റിപ്പോർട്ട് ചെയ്യാനാണ് സുമിത് എത്തിയത്. വിദ്യാർഥികളോട് സംസാരിച്ചു കൊണ്ടിരിക്കേ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോവുകയായിരുന്നു.