ഗൂഢാലോചനയിൽ പങ്കെടുത്തവരെ കുറിച്ച് കുറ്റപത്രത്തിൽ ഇല്ല; മറ്റൊരു ഏജൻസി അന്വേഷിക്കണം, നിയമപോരാട്ടം തുടരുമെന്ന് നവീന്റെ കുടുംബം
Saturday, March 29, 2025 8:55 PM IST
പത്തനംതിട്ട: എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ കുറ്റപത്രത്തിൽ മരണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കെടുത്തവരെ കുറിച്ച് അന്വേഷിക്കുന്നില്ലെന്ന് നവീന്റെ ഭാര്യ മഞ്ജുഷ. വേറൊരു അന്വേഷണ ഏജൻസി വേണമെന്ന നിലപാടിൽ നിയമ പോരാട്ടം തുടരും. സുപ്രീം കോടതിയെ സമീപിക്കുമെന്നും അവർ വ്യക്തമാക്കി.
എസ്ഐടി വന്നിട്ടും ഗുണമുണ്ടായില്ല. ആദ്യം പോലീസ് സംഘം അന്വേഷിച്ചതിൽ നിന്ന് വ്യത്യാസമൊന്നും എസ്ഐടിയുടെ അന്വേഷണത്തിൽ കണ്ടെത്തിയതായി തോന്നുന്നില്ല.
പി.പി. ദിവ്യ മാത്രമാണ് പ്രതിയെന്ന മട്ടിലാണ് അന്വേഷണം നടന്നത്. അതുകൊണ്ടാണ് പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് നേരത്തെ പറഞ്ഞതെന്നും കുടുംബം അറിയിച്ചു.
അതേസമയം എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുറ്റപത്രം സമർപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂർ ടൗൺ സിഐ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ടെത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. 400 ൽ അധികം പേജുകൾ ഉള്ള കുറ്റപത്രമാണ് സമർപ്പിച്ചത്.
97 സാക്ഷികളാണ് കേസിലുള്ളത്. സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷയുമായിരുന്ന പി.പി. ദിവ്യയാണ് കേസിലെ ഏക പ്രതി. പി.പി. ദിവ്യ കുറ്റക്കാരിയാണെന്നും കുറ്റപത്രത്തിൽ പറയുന്നു.
നവീൻ ബാബുവിനെ അപമാനിക്കാൻ ദിവ്യ ആസൂത്രണം നടത്തി. വീഡിയോ ചിത്രീകരിക്കാൻ പ്രാദേശിക ചാനലിനെ ഏർപ്പാടാക്കിയത് ദിവ്യ തന്നെയാണ്. ദിവ്യയുടെ പ്രസംഗം നവീൻ ബാബു ജീവനൊടുക്കാൻ പ്രേരണയായി.
സ്വന്തം ഫോണിൽനിന്ന് ദിവ്യ പ്രസംഗ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു. യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണമില്ലാതെ പോയത് നവീൻ ബാബുവിനെ അപമാനിക്കാൻ ലക്ഷ്യമിട്ടാണ്. സംഭവത്തിൽ ആത്മഹത്യാ കുറിപ്പോ മറ്റ് കാരണങ്ങളോ കണ്ടെത്താനായിട്ടില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.
എഡിഎമ്മിനെതിരേ ദിവ്യ പദവിയും അധികാരവും ഉപയോഗിച്ചു. പ്രശാന്തനും ദിവ്യയും ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.