എഡിഎമ്മിനെ അപമാനിക്കാൻ ആസൂത്രണം നടത്തി; ദിവ്യയുടെ പ്രസംഗം നവീൻ ബാബു ജീവനൊടുക്കാൻ പ്രേരണയായി, കുറ്റപത്രം സമർപ്പിച്ചു
Saturday, March 29, 2025 6:17 PM IST
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുറ്റപത്രം സമർപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂർ ടൗൺ സിഐ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ടെത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. 400 ൽ അധികം പേജുകൾ ഉള്ള കുറ്റപത്രമാണ് സമർപ്പിച്ചത്.
97 സാക്ഷികളാണ് കേസിലുള്ളത്. സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷയുമായിരുന്ന പി.പി. ദിവ്യയാണ് കേസിലെ ഏക പ്രതി. പി.പി. ദിവ്യ കുറ്റക്കാരിയാണെന്നും കുറ്റപത്രത്തിൽ പറയുന്നു.
നവീൻ ബാബുവിനെ അപമാനിക്കാൻ ദിവ്യ ആസൂത്രണം നടത്തി. വീഡിയോ ചിത്രീകരിക്കാൻ പ്രാദേശിക ചാനലിനെ ഏർപ്പാടാക്കിയത് ദിവ്യ തന്നെയാണ്. ദിവ്യയുടെ പ്രസംഗം നവീൻ ബാബു ജീവനൊടുക്കാൻ പ്രേരണയായി.
സ്വന്തം ഫോണിൽനിന്ന് ദിവ്യ പ്രസംഗ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു. യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണമില്ലാതെ പോയത് നവീൻ ബാബുവിനെ അപമാനിക്കാൻ ലക്ഷ്യമിട്ടാണ്. സംഭവത്തിൽ ആത്മഹത്യാ കുറിപ്പോ മറ്റ് കാരണങ്ങളോ കണ്ടെത്താനായിട്ടില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.
എഡിഎമ്മിനെതിരേ ദിവ്യ പദവിയും അധികാരവും ഉപയോഗിച്ചു. പ്രശാന്തനും ദിവ്യയും ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.
ഒക്ടോബർ 15 നാണ് നവീൻ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടാകാത്തതിനാൽ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബം.