അഫ്ഗാനിസ്ഥാനിലും ഭൂചലനം; റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തി
Saturday, March 29, 2025 10:32 AM IST
കാബൂൾ: അഫ്ഗാനിസ്ഥാനിലും ഭീതി പടർത്തി ഭൂചലനം. റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഇന്ന് പുലർച്ചെ 5.16നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.
180 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. അതേസമയം മ്യാൻമറിൽ ഉണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 694 ആയി. 1670 പേരാണ് പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സയിലുള്ളത്.
മ്യാന്മറില് റിക്ടര്‍ സ്കെയിലില്‍ 7.7 ഉം 6.4 ഉം രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂചലനങ്ങളാണ് വെള്ളിയാഴ്ച ഉണ്ടായത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മ്യാൻമറിലെ സാഗൈംഗിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ്.
ഭൂകന്പം രാജ്യത്ത് കനത്ത നാശനാഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോർട്ടുകൾ. പാലങ്ങളും ബഹുനില കെട്ടിടങ്ങളും അടക്കം തകർന്നുതരിപ്പണമായി.
മ്യാൻമറിലെ നഗരമായ മാൻഡലെ തകർന്നടിഞ്ഞതായാണ് വിവരം. തായ്ലന്‍ഡിലും ഭൂചലനമുണ്ടായി. തായ്ലന്ഡ് തലസ്ഥാനമായ ബാങ്കോക്കിൽ മാത്രം പത്തോളം പേർ മരിച്ചതായാണ് റിപ്പോർട്ട്.