രാജഭരണം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് നേപ്പാളിൽ സംഘർഷം; രണ്ട് പേർ മരിച്ചു, 45 പേർക്ക് പരിക്ക്
Friday, March 28, 2025 8:16 PM IST
കാഠ്മണ്ഡു: രാജഭരണവും ഹിന്ദുരാജ്യ പദവിയും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നേപ്പാളില്‍ സംഘർഷം. രാജ്യതലസ്ഥാനമായ കാഠ്മണ്ഡുവിൽ സുരക്ഷാസേനയും രാജഭരണത്തെ അനുകൂലിക്കുന്നവരും തമ്മിൽ ഏറ്റുമുട്ടി.
സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. 45 പേർക്ക് പരിക്കേറ്റു. ഇന്നുണ്ടായ സംഘർഷത്തിൽ നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധക്കാര്‍ നിരവധി വീടുകളും മറ്റ് കെട്ടിടങ്ങളും വാഹനങ്ങളും അഗ്നിക്കിരയാക്കി.
സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലീസ് നിരവധി തവണ കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. ഇതിന് പുറമേ മൂന്ന് സ്ഥലങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. സുരക്ഷാ വലയം ഭേദിക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിക്കുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്തതോടെയാണ് സ്ഥിതിഗതികള്‍ വഷളായത്.
ഇതേത്തുടര്‍ന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാ സേന കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഘര്‍ഷത്തിനിടെ, പ്രതിഷേധക്കാര്‍ വ്യാപാര സമുച്ചയം, ഒരു ഷോപ്പിംഗ് മാള്‍, ഒരു രാഷ്ട്രീയ പാര്‍ട്ടി ആസ്ഥാനം, മാധ്യമസ്ഥാപനത്തിന്റെ കെട്ടിടം എന്നിവയ്ക്ക് തീയിട്ടു.
നേപ്പാളിന്റെ ദേശീയ പതാകകള്‍ വീശിയും മുന്‍ രാജാവ് ഗ്യാനേന്ദ്ര ഷായുടെ ചിത്രങ്ങള്‍ പിടിച്ചുമാണ് ആയിരക്കണക്കിന് രാജവാഴ്ച അനുകൂലികള്‍ ഒത്തുകൂടിയത്. രാജ്യത്തെ രക്ഷിക്കാന്‍ രാജാവ് വരട്ടെ, 'അഴിമതി നിറഞ്ഞ സര്‍ക്കാര്‍ തുലയട്ടെ', 'ഞങ്ങള്‍ക്ക് രാജവാഴ്ച തിരികെ വേണം' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രതിഷേധിച്ചത്.
രാജവാഴ്ചയെ അനുകൂലിക്കുന്ന രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടിയും (ആര്‍പിപി) മറ്റ് ഗ്രൂപ്പുകളും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.