"രണ സംഗ' വിവാദത്തിൽ രാജ്യസഭയിൽ പ്രതിഷേധം
സീനോ സാജു
Friday, March 28, 2025 5:19 PM IST
ന്യൂഡൽഹി: സമാജ്വാദി പാർട്ടി എംപി രാംജി ലാൽ സുമൻ രാജ്പുട്ട് രാജാവ് രണ സംഗയെക്കുറിച്ചു നടത്തിയ പ്രസ്താവനക്കെതിരെ രാജ്യസഭയിൽ ഭരണപക്ഷ പ്രതിഷേധം. ബിജെപിയും കോൺഗ്രസും വിഷയത്തിൽ വാക്കുകൾ കൊണ്ട് ഏറ്റുമുട്ടിയതിനു പിന്നാലെ രാജ്യസഭാ അധ്യക്ഷൻ ജഗദീപ് ധൻകർ സഭാ നടപടികൾ അര മണിക്കൂർ നേരത്തേക്ക് നിർത്തിവെച്ചു. ലാൽ സുമൻ രണ സംഗയെക്കുറിച്ചു നടത്തിയ പ്രസ്താവനയിൽ മാപ്പ് പറയണമെന്നു ആവശ്യപ്പെട്ട ബിജെപി എംപിമാർ പ്രസ്താവനയെ അപലപിക്കുകയും ചെയ്തു.
സഭാ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ ലാൽ സുമൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു ബിജെപി അംഗങ്ങൾ മുദ്രാവാക്യം വിളി തുടങ്ങിയിരുന്നു. രാജ്പുട്ട് രാജാവ് രണ സംഗ ദേശീയ നായകനാണെന്നും അദ്ദേഹത്തിനെതിരായ പരാമർശങ്ങൾ അങ്ങേയറ്റം അവഹേളനപരവും ആക്ഷേപകരവുമാണെന്നും ധൻകർ വിശേഷിപ്പിച്ചു.
ഇത്തരം വിഷയങ്ങളിൽ പരാമർശം നടത്തുമ്പോൾ അംഗങ്ങൾ അങ്ങേയറ്റം ജാഗ്രത പാലിക്കുകയും അന്തസ് കാത്തുസൂക്ഷിക്കണമെന്നും ധൻകർ ഓർമിപ്പിച്ചു. ലാൽ സുമന്റെ പരാമർശം അങ്ങേയറ്റം അപലപനീയമാണെന്നാണ് കേന്ദ്രമന്ത്രി കിരൺ റിജിജു പ്രതികരിച്ചത്.
ഇതിനു പിന്നാലെ സംസാരിക്കാൻ എഴുന്നേറ്റ രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ ഞങ്ങളുടെ പാർട്ടി രാജ്യത്തിനു വേണ്ടി ജീവൻ സമർപ്പിച്ച എല്ലാ രക്തസാക്ഷികളെയും ബഹുമാനിക്കുന്നുണ്ടെന്നു വ്യക്തമാക്കി. എന്നാൽ നിയമം കൈയിലെടുക്കാൻ ആർക്കും അധികാരമില്ലെന്നും എംപിയുടെ വീട്ടിൽ അതിക്രമിച്ചു കയറി നാശനഷ്ടങ്ങൾ വരുത്താൻ അവകാശമില്ലെന്നും ഖാർഗെ പറഞ്ഞു.
പ്രസ്താവനയുടെ പേരിൽ ലാൽ സുമന്റെ ആഗ്രയിലെ വീട് രാജ്പുട്ട് സംഘടനായ കർണിസേന ആക്രമിച്ചതിനെ സംബന്ധിച്ചായിരുന്നു ഖാർഗെയുടെ പരാമർശം. ഇത്തരം ദളിത് വിരുദ്ധ നടപടികൾ പ്രോത്സാഹിപ്പിക്കില്ലെന്നും ഖാർഗെ കൂട്ടിച്ചേർത്തപ്പോൾ അതിനെതിരെ ബിജെപി എംപിമാരുടെ പ്രതിഷേധമുണ്ടായി.
ലാൽ സുമൻ ദളിതനായതു കൊണ്ടാണ് ആക്രമണം നടന്നതെന്ന ഖാർഗെയുടെ പരാമർശം അപലപിക്കുന്നുവെന്ന് റിജിജു പറഞ്ഞു. ഖാർഗെ ജാതിയുപയോഗിച്ചു വിഷയം തിരിച്ചു വിടാൻ ശ്രമിക്കുകയാണെന്നു കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. പിന്നീട് ലാൽ സുമൻ സംസാരിക്കാൻ എഴുന്നേറ്റെങ്കിലും ബിജെപി എംപിമാരുടെ മുദ്രാവാക്യം വിളികൾ മൂലം സഭ അര മണിക്കൂർ നിർത്തിവെക്കുകയായിരുന്നു.
ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്താൻ ബാബറിനെ ക്ഷണിച്ചുവെന്ന് ആരോപിച്ചു പതിനാറാം നൂറ്റാണ്ടിലെ രാജ്പുട്ട് രാജാവായിരുന്ന രണ സംഗയെ ചതിയൻ എന്നാണ് ലാൽ സുമൻ പാർലമെന്റിൽ വിശേഷിപ്പിച്ചത്. രാജ്പുട്ട് വിഭാഗത്തിന്റെ പിന്തുണ നഷ്ടമായതിനാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട ബിജെപി അവരെ കൂടെ നിർത്താൻ പ്രതിഷേധം ശക്തമാക്കുകയാണ്.
എന്നാൽ പ്രതികരണത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും മാപ്പ് പറയില്ലെന്നുമാണ് ലാൽ സുമന്റെ നിലപാട്. രണ സംഗയുടെ ധീരതയെയും ദേശഭക്തിയെയും ആരും ചോദ്യം ചെയ്തിട്ടില്ലെന്നു വ്യക്തമാക്കിയ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ലാൽ സുമന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.