വാഹനത്തിന് നേരെ പടക്കമെറിഞ്ഞ സംഭവം; വിദ്യാർഥികൾക്കെതിരായ പരാതിയിൽ നിന്ന് പിന്മാറി അധ്യാപകർ
Friday, March 28, 2025 10:38 AM IST
മലപ്പുറം: പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകരുടെ വാഹനത്തിന് നേരെ വിദ്യാർഥികൾ പടക്കമെറിഞ്ഞ സംഭവത്തില്‍ പരാതിയിൽ നിന്ന് പിന്മാറി അധ്യാപകർ.
സംഭവത്തില്‍ കേസ് എടുക്കേണ്ടതില്ലെന്നും വിദ്യാർഥികളെ താക്കീത് ചെയ്ത് വിട്ടാൽ മതിയെന്നും അധ്യാപകർ പോലീസിനോട് പറഞ്ഞു.
മലപ്പുറം ചെണ്ടപ്പുറായ എആർ ഹയർ സെക്കൻഡറി സ്കൂളിലാണ് അധ്യാപകന്റെ കാറിന് നേരെ വിദ്യാർഥികൾ പടക്കമെറിഞ്ഞത്.
പരീക്ഷാ ഹാളിൽ കോപ്പി അടിക്കാൻ അനുവദിക്കാത്തതിലുള്ള അമർഷത്തിലായിരുന്നു വിദ്യാർഥികൾ പടക്കമെറിഞ്ഞത് എന്നാണ് വിവരം. സംഭവത്തില്‍ തിരൂരങ്ങാടി പോലീസ് മൂന്ന് വിദ്യാർഥികളെ താക്കീത് ചെയ്ത് വിട്ടയച്ചു. വിദ്യാർഥികൾ പടക്കമെറിയുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.