കത്വയിൽ ഏറ്റുമുട്ടൽ തുടരുന്നു; ഭീകരരുടെ ഒളിത്താവളം കണ്ടെത്തി
Friday, March 28, 2025 6:22 AM IST
ശ്രീനഗർ: കത്വയിൽ ഏറ്റുമുട്ടൽ തുടരുന്നു. സുരക്ഷാസേന ഭീകരർക്കായി ശക്തമായ തെരച്ചിലാണ് നടത്തുന്നത്. രജൗരിയിൽ ഭീകരരുടെ ഒളിത്താവളം സുരക്ഷാസേന കണ്ടെത്തി.
വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ജമ്മു-പത്താൻകോട്ട് ദേശീയപാതയിൽ ഉൾപ്പടെ ഹൈഅലർട്ട് പ്രഖ്യാപിച്ചു.
കത്വ ജില്ലയിലെ വനമേഖലയിൽ ഭീകരാക്രമണത്തിൽ മൂന്നു പോലീസുകാർ വീരമൃത്യു വരിച്ചിരുന്നു. മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു.
ജമ്മുകാഷ്മീർ പോലീസിലെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെ (എസ്ഒജി) നേതൃത്വത്തിൽ പോലീസിന്റെയും സൈന്യത്തിന്റെയും അർധസേനാവിഭാഗങ്ങളുടെയും പിന്തുണയോടെയായിരുന്നു ഭീകരരെ നേരിട്ടത്.
കത്വ മേഖലയിലെ സന്യാൻ വനത്തിൽ കഴിഞ്ഞ ഞായറാഴ്ച സുരക്ഷാസേനയെ വെട്ടിച്ചുകടന്ന ഭീകരസംഘമാണോ അതോ പുതിയ സംഘമാണോ വ്യാഴാഴ്ച ആക്രമണം നടത്തിയതെന്നു വ്യക്തമല്ല. ഭീകരരെ കണ്ടെത്താൻ അഞ്ച് ദിവസമായി മേഖലയിൽ സുരക്ഷാസേന വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു.