നടപടി ലഘൂകരിച്ചു; ജനന സര്‍ട്ടിഫിക്കറ്റിലെ പേര് ഇനി എളുപ്പത്തില്‍ മാറ്റാം
Thursday, March 27, 2025 10:52 PM IST
തിരുവനന്തപുരം: ജനന സര്‍ട്ടിഫിക്കറ്റിലെ പേരുമാറ്റത്തിനുള്ള നിബന്ധനകളില്‍ ഇളവുകള്‍ നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി എം.ബി.രാജേഷ്. നിലവിൽ ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റണമെങ്കിൽ സ്കൂള്‍ സർട്ടിഫിക്കറ്റിലെ പേര് മാറ്റി വിജ്ഞാപനമിറക്കിയ ശേഷമേ മാറ്റം വരുത്താൻ കഴിയുമായിരുന്നുള്ളൂ.
മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും പഠനം നടത്തിയവർക്ക് ഇങ്ങനെ രേഖകളിൽ മാറ്റം വരുത്തുന്നത് വലിയ ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയതിനെ തുടർന്നാണ് നടപടി ക്രമങ്ങള്‍ ലഘൂകരിച്ചത്. പേര് മാറ്റത്തിനായി ഒറ്റത്തവണ ഗസ്റ്റഡ് വിജ്ഞാപനം ഇറക്കിയാൽ അതുവഴി ജനന സർട്ടിഫിക്കറ്റിൽ മാറ്റം വരുത്താൻ കഴിയുന്ന വിധമാണ് പുതിയ ഉത്തരവ്.
ഇതിനുള്ള സൗകര്യം കെ-സ്മാർട്ടിലും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനന,മരണ, വിവാഹ രജിസ്ട്രേഷനുകളില്‍ വിപ്ലവകരമായ പരിഷ്കരണങ്ങളാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
വീഡിയോ കെവൈസി ഉപയോഗിച്ച് ലോകത്ത് എവിടെയിരുന്നും മിനുറ്റുകള്‍ കൊണ്ട് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഇന്ന് മലയാളിക്ക് കഴിയുന്നത് ഉള്‍പ്പെടെ സൗകര്യങ്ങളുണ്ട്. കൂടുതല്‍ പരിഷ്കരണങ്ങള്‍ സിവില്‍ രജിസ്ട്രേഷനുകളില്‍ നടപ്പില്‍ വരുത്തുമെന്നും മന്ത്രി പറഞ്ഞു.