കേന്ദ്രത്തിന് വിവേചനമെന്ന ആക്ഷേപം; കണക്കുകൾ നിരത്തി നിർമ്മല സീതാരാമൻ
Thursday, March 27, 2025 10:31 PM IST
ന്യൂഡൽഹി: കേരളത്തെ സാമ്പത്തികമായി അവഗണിച്ചിട്ടില്ലെന്ന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. മോദി അധികാരമേറ്റതിന് പിന്നാലെ 2014 മുതൽ 2024 വരെ കേന്ദ്രം 1.57 ലക്ഷം കോടി രൂപ കേരളത്തിന് അനുവദിച്ചെന്ന് ധനമന്ത്രി രാജ്യസഭയിൽ പറഞ്ഞു.
യുപിഎയുടെ 2004 മുതൽ 2014 വരെയുള്ള കാലയളവിൽ കിട്ടിയത് 46,300 കോടി രൂപയായിരുന്നു. 239% വർധന. 2014-24 കാലയളവിൽ ഗ്രാൻഡായി 1.56 ലക്ഷം കോടി നൽകി. എന്നാൽ യുപിഎ കാലത്ത് 2004 മുതൽ 2014 കിട്ടിയത് 25,630 കോടി രൂപയാണെന്നും മന്ത്രി പറഞ്ഞു.
കോവിഡ് കാലത്ത് പലിശരഹിത വായ്പയായി 2,715 കോടി കേരളത്തിന് നൽകി. 50 വർഷത്തേക്കാണ് നൽകിയത്. മോദിയുടെ കാലത്തേത് പോലെ കേരളത്തിന് ഇതുവരെയും സഹായം കിട്ടിയിട്ടില്ലെന്നും നിർമ്മല സീതാരാമൻ അവകാശപ്പെട്ടു.
ധനകാര്യ കമ്മീഷന്റെ ശിപാർശ അനുസരിച്ചണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. കേരളത്തോട് അവഗണന എന്ന് തുടർച്ചയായി പറയുന്നത് വേദനിപ്പിക്കുന്നുണ്ട്. കടമെടുക്കൽ പരിധിയിൽ കേരളം കോടതിയിൽ പോയ കാര്യം നിർമ്മല സീതാരാമൻ പരാമർശിച്ചു.