രാഹുലിനെതിരായ പരാമര്‍ശം; സ്പീക്കറെ കണ്ട് പ്രതിഷേധം അറിയിച്ച് ഇന്ത്യാസഖ്യം
Thursday, March 27, 2025 2:56 PM IST
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ ഇന്ത്യാസഖ്യം സ്പീക്കറെ കണ്ട് പ്രതിഷേധം അറിയിച്ചു. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ നിരന്തരമായി ഹനിക്കപ്പെടുകയാണെന്ന് നേതാക്കള്‍ പറഞ്ഞു. പ്രതിപക്ഷത്തിന് അവസരം നല്‍കാത്തത് അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് സ്പീക്കര്‍ക്ക് നിവേദനവും നല്കി.
രാഹുലിനെതിരേ സ്പീക്കര്‍ വിമര്‍ശനമുന്നയിച്ച് ഏത് സാഹചര്യത്തിലാണെന്ന് സഭയില്‍ ആര്‍ക്കും മനസിലായില്ലെന്ന് കെ.സി.വേണുഗോപാല്‍ എംപി പറഞ്ഞു. സഭയുടെ ചരിത്രത്തില്‍ ഇതുവരെയുണ്ടാകാത്ത സംഭവമാണിതെന്നും വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ രാഹുലിനെ ശകാരിച്ചത് ഏത് വിഷയത്തിലാണെന്ന് വ്യക്തമാക്കാൻ സ്പീക്കർ ഇന്നും തയാറായില്ല.
അതേസമയം രാഹുല്‍ ഗാന്ധി സഭയിൽവച്ച് പ്രിയങ്കയോട് ഇടപെടുന്ന രീതിയെയാണ് സ്പീക്കർ വിമർശിച്ചതെന്നാണ് ബിജെപിയുടെ വാദം. രാഹുൽ പ്രിയങ്കയോട് വാത്സല്യത്തോടെ ഇടപെടുന്ന ദൃശ്യങ്ങളും ബിജെപി പുറത്തുവിട്ടിരുന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെ സഭ പിരിയുന്നതിന് തൊട്ടുമുമ്പായിരുന്നു സ്പീക്കറുടെ അപ്രതീക്ഷിതമായ പ്രതികരണം. രാഹുല്‍ മര്യാദയോടെയല്ല സഭയില്‍ പെരുമാറുന്നതെന്ന് സ്പീക്കര്‍ വിമര്‍ശിച്ചു.
നേരത്തെയും അച്ഛനമ്മമാരും സഹോദരങ്ങളുമൊക്കെ സഭയില്‍ അംഗങ്ങളായിട്ടുണ്ട്. അവരെല്ലാം മര്യാദ പാലിച്ചാണ് സഭയ്ക്കകത്ത് പെരുമാറിയിട്ടുള്ളത്. പ്രതിപക്ഷത്തുള്ള മറ്റ് അംഗങ്ങളെ നിലയ്ക്ക് നിര്‍ത്താന്‍ രാഹുല്‍ ശ്രദ്ധിക്കണമെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു.