പോക്സോ കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രന് സുപ്രീംകോടതിയിൽനിന്നും മുൻകൂർ ജാമ്യം
Thursday, March 27, 2025 1:30 PM IST
ന്യൂഡൽഹി: പോക്സോ കേസിലെ നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണ ഊദ്യോഗസ്ഥൻ എപ്പോൾ വിളിച്ചാലും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.
ഉപാധികൾ ലംഘിച്ചാൽ മുൻകൂർ ജാമ്യം റദ്ദാക്കുമെന്നും ജസ്റ്റീസ് നാഗരത്ന വ്യക്തമാക്കി. കോടതിയിൽ വാദങ്ങൾ അല്ല അന്തിമ ഉത്തരവാണ് റിപ്പോർട്ട് ചെയ്യേണ്ടതെന്നും ജസ്റ്റീസ് നാഗരത്ന പറഞ്ഞു. കേസിനെ സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
2024 ജൂണിലാണ് കൂട്ടിക്കൽ ജയചന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും നടനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിലാണെന്നാണ് പോലീസ് പറഞ്ഞിരുന്നത്.
അന്വേഷണം തുടരുന്നതിനിടെ നടൻ കോഴിക്കോട് പോക്സോ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും തള്ളിയിരുന്നു. തുടര്‍ന്ന് മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയും മുൻകൂര്‍ ജാമ്യം അനുവദിച്ചില്ല. പിന്നാലെയാണ് നടന് സുപ്രീംകോടതിയെ സമീപിച്ചത്.