പിതാവിൽ പണം സ്വന്തമാക്കാൻ തട്ടിക്കൊണ്ടുപോകൽ നാടകം ചിത്രീകരിച്ചു; യുവാവും സുഹൃത്തുക്കളും പിടിയിൽ
Thursday, March 27, 2025 12:39 AM IST
ഇൻഡോർ: പിതാവിൽ നിന്നും പണം സ്വന്തമാക്കാൻ സുഹൃത്തുക്കളുടെ സഹായത്തോടെ തട്ടിക്കൊണ്ടുപോകൽ നാടകം ചിത്രീകരിച്ച യുവാവ് അറസ്റ്റിൽ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം.
സംഭവത്തിൽ മുഖ്യപ്രതിയായ 24കാരൻ സതീഷ് ഗുപ്തയെയും ഇയാളുടെ രണ്ട് സുഹൃത്തുക്കളായ ആരുഷ് അറോറ, തേജ്വീർ സിംഗ് സന്ധു എന്നിവരെയും അറസ്റ്റ് ചെയ്തതായി പോലീസ് ബുധനാഴ്ച അറിയിച്ചു.
ഇൻഡോർ സ്വദേശിയായ ശ്രീറാം ഗുപ്തയ്ക്ക് മകൻ സതീഷ് ഗുപ്തയെ തട്ടിക്കൊണ്ടുപോയതായി ഒരു സന്ദേശം ചൊവ്വാഴ്ച ലഭിച്ചു. മകനെ മോചിപ്പിക്കാൻ ഒരു ലക്ഷം രൂപ മോചനദ്രവ്യം നൽകണമെന്നായിരുന്നു ഫോൺ വിളിച്ചവരുടെ ആവശ്യം.
തുടർന്ന് ഇദ്ദേഹം പോലീസുമായി ബന്ധപ്പെട്ടു. അന്വേഷണങ്ങളുടെയും സൂചനകളുടെയും അടിസ്ഥാനത്തിൽ പോലീസ് അറോറയെയും സന്ധുവിനെയും കസ്റ്റഡിയിലെടുത്തു. തുടരന്വേഷണത്തിലാണ് സംഭവം വ്യാജമാണെന്ന് മനസിലാകുന്നത്. തുടർന്ന് പോലീസ് സതീഷിനെയും പിടികൂടുകയായിരുന്നു.