സുഖ്ബീർ സിംഗ് ബാദലിനെതിരെയുണ്ടായ വധശ്രമം; പ്രതിക്ക് ജാമ്യം
Wednesday, March 26, 2025 7:05 AM IST
അമൃത്സർ: ശിരോമണി അകാലിദൾ മേധാവി സുഖ്ബീർ സിംഗ് ബാദലിനെതിരെ വെടിയുതിർത്ത കേസിലെ പ്രതിക്ക് ജാമ്യം. കേസിൽ കുറ്റാരോപിതനായ നരേൻ സിംഗ് ചൗരയ്ക്ക് അമൃത്സർ കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജിയാണ് ജാമ്യം അനുവദിച്ചത്.
നരേൻ സിംഗ് ചൗരയെ നാല് വർഷത്തേക്ക് റോപ്പർ ജയിലിൽ അടച്ചിരുന്നു. കോടതി ഉത്തരവ് ലഭിച്ച ശേഷം അദ്ദേഹത്തെ വിട്ടയക്കുമെന്ന് അഭിഭാഷകൻ ബൽജീന്ദർ സിംഗ് പറഞ്ഞു.
2024 ഡിസംബർ നാലിന് അമൃത്സറിലെ സുവർണ ക്ഷേത്ര പരിസരത്ത് വെച്ച് ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദലിനെതിരെ വധശ്രമം നടന്നിരുന്നു. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ സേവ ചെയ്യുകയായിരുന്ന അദ്ദേഹത്തിന് നേരെ നരേൻ സിംഗ് വെടിയുതിർത്തു.
നരേൻ സിംഗ് ചൗരയ്ക്ക് തീവ്ര സംഘടനകളുമായി ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. പാകിസ്ഥാനിൽ നിന്ന് തിരിച്ചെത്തിയതുമുതൽ രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലുമായിരുന്നു ഇയാൾ.