യുഎസ് ചാറ്റ് ഗ്രൂപ്പിൽ മാധ്യമപ്രവർത്തകനുൾപ്പെട്ട സംഭവം; ഉത്തരവാദിത്വം ഏറ്റെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
Wednesday, March 26, 2025 6:09 AM IST
വാഷിംഗ്ടൺ ഡിസി: യെമനിലെ ഹൂതികളുടെ താവളങ്ങള്‍ ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട ചാറ്റ് വിവരങ്ങൾ ചോർന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ്.
ആക്രമണത്തിന്റെ വിശദമായ പദ്ധതികള്‍ ചര്‍ച്ച ചെയ്യാനുള്ള സിഗ്നല്‍ ആപ്പിലെ ഗ്രൂപ്പിൽ "ദി അറ്റ്ലാന്റിക്' മാഗസിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് ജെഫ്രി ഗോള്‍ഡ്ബെര്‍ഗിനെ അബദ്ധത്തില്‍ ചേര്‍ത്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി മൈക്ക് വാൾട്ട്സ് അറിയിച്ചു.
"പൂർണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. ഗ്രൂപ്പ് ഉണ്ടാക്കിയത് ഞാനാണ്. എല്ലാം ഏകോപിപ്പിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് എന്റെ ജോലി'.- സംഭവവുമായി ബന്ധപ്പെട്ട തന്റെ ആദ്യ അഭിമുഖത്തിൽ ഫോക്സ് ന്യൂസ് അവതാരക ലോറ ഇൻഗ്രാഹാമിനോട് വാൾട്ട്സ് പറഞ്ഞു. എന്നാൽ താൻ ഗ്രൂപ്പിൽ ചേർത്ത പത്രപ്രവർത്തകനായ ജെഫ്രി ഗോൾഡ്ബെർഗിനെ തനിക്ക് വ്യക്തിപരമായി അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൈക്കിള്‍ വാള്‍ട്ട്സ് എന്നൊരാളില്‍ നിന്നാണ് തനിക്ക് ചാറ്റ് ഗ്രൂപ്പിലേക്കുള്ള ക്ഷണം ലഭിച്ചതെന്ന് ജെഫ്രി പറയുന്നു. ഇത് വ്യാജമാണെന്നാണ് താന്‍ ആദ്യം കരുതിയത്. എന്നാല്‍ ഇത് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായ മൈക്കിള്‍ വാള്‍ട്ട്സ് തന്നെയാണെന്ന് പിന്നീട് ബോധ്യപ്പെട്ടു.
ഹൂതികളെ ആക്രമിക്കുന്നതിനുള്ള വിശദമായ പദ്ധതി "ഹൂതി പിസി സ്മോള്‍ ഗ്രൂപ്പ്' എന്ന് പേരുള്ള ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യുന്നത് കണ്ടതോടെയാണ് ഇക്കാര്യം മനസിലായതെന്നും ജെഫ്രി പറഞ്ഞു.
അതേസമയം, യുഎസിന്റെ യെമന്‍ ആക്രമണ പദ്ധതിയുടെ വിശദാംശങ്ങള്‍ ജെഫ്രി പുറത്തുവിട്ടില്ല. എങ്കിലും യെമനില്‍ ആക്രമണം നടത്തേണ്ട ഇടങ്ങള്‍, ഏതെല്ലാം ആയുധങ്ങളാണ് ഉപയോഗിക്കേണ്ടത് തുടങ്ങിയ വിവരങ്ങള്‍ തനിക്ക് ലഭിച്ചുവെന്ന് ജെഫ്രി തന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ഇതിന് ശേഷം മണിക്കൂറുകള്‍ക്കകമാണ് യെമനില്‍ ആക്രമണം നടന്നത്. ഇസ്രായേലിനാൽ ആക്രമിക്കപ്പെടുന്ന പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഹൂതികൾ ചെങ്കടൽ വഴി കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കാൻ ആരംഭിച്ചിരുന്നു. ഇതിനെതിരായാണ് യുഎസ് യെമനിൽ ആക്രമണം നടത്തുന്നത്.
ആക്രമണത്തിനോടുള്ള എതിര്‍പ്പ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഗ്രൂപ്പില്‍ പ്രകടിപ്പിച്ചു. ഒരുഘട്ടത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വാന്‍സ് വിമര്‍ശിക്കുകയും ചെയ്തുവെന്ന് ജെഫ്രിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗ്രൂപ്പ് ചാറ്റിലെ പല വിവരങ്ങളും താന്‍ പുറത്തുവിടുന്നില്ല എന്ന് റിപ്പോര്‍ട്ടില്‍ ജെഫ്രി വ്യക്തമാക്കി. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് ഉൾപ്പെടെയുള്ളവർ ഗ്രൂപ്പ് ചാറ്റിലുണ്ടായിരുന്നു.
തന്നെ ഗ്രൂപ്പില്‍ ചേര്‍ത്തത് പോലുള്ളൊരു സുരക്ഷാവീഴ്ച താന്‍ ഇതുവരെ കണ്ടിട്ടില്ല. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സിഗ്നല്‍ ആപ്പില്‍ ആശയവിനിമയം നടത്താറുണ്ട്. എന്നാല്‍ അത് യോഗങ്ങള്‍ ആസൂത്രണം ചെയ്യാനും മറ്റുമാണ്.
ഇതുപോലെ സൈനിക നടപടിയെ കുറിച്ചുള്ള അതീവ രഹസ്യമായ വിവരങ്ങള്‍ ഇത്ര വിശദമായി ചര്‍ച്ച ചെയ്യാനല്ല. ഒരു മാധ്യമപ്രവര്‍ത്തകനെ ഇത്തരം ചര്‍ച്ചയിലേക്ക് ക്ഷണിച്ച സംഭവവും ഇതുവരെ കേട്ടിട്ടില്ലെന്നും ജെഫ്രി പറയുന്നു.
താന്‍ സ്വയം ആ ഗ്രൂപ്പില്‍ നിന്ന് പുറത്തുപോയെന്നും ജെഫ്രി വ്യക്തമാക്കി. താന്‍ പുറത്തുപോയ വിവരം ഗ്രൂപ്പുണ്ടാക്കിയ മൈക്കിള്‍ വാള്‍ട്ട്സിന് നോട്ടിഫിക്കേഷനായി ലഭിക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അങ്ങനെ ചെയ്തത്.
താന്‍ ആ ഗ്രൂപ്പില്‍ അത്രയും സമയം ഉണ്ടായിരുന്നതായി ഒരാള്‍ പോലും ശ്രദ്ധിച്ചില്ലെന്നും താന്‍ ആരാണെന്നോ എന്താണ് പുറത്തുപോയതെന്നോ ചോദിച്ചില്ല എന്നും അദ്ദേഹം റിപ്പോര്‍ട്ടില്‍ പറഞ്ഞു.