വാളയാര്‍ കേസ്; മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സമന്‍സ് അയച്ച് സിബിഐ കോടതി
Tuesday, March 25, 2025 12:24 PM IST
കൊച്ചി: വാളയാര്‍ കേസില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സമന്‍സ് അയച്ച് കൊച്ചിയിലെ സിബിഐ കോടതി. അടുത്ത മാസം 25ന് കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.
ആറ് കുറ്റപത്രങ്ങളില്‍ ഇരുവരെയും സിബിഐ പ്രതി ചേര്‍ത്തിരുന്നു. കുറ്റപത്രം സ്വീകരിച്ച സാഹചര്യത്തിലാണ് കോടതി ഇവര്‍ക്ക് സമന്‍സ് അയച്ചത്.
തുടര്‍ച്ചയായ ലൈംഗിക പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ ജീവനൊടുക്കിയെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. പീഡനത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും മാതാപിതാക്കള്‍ ഇത് മറച്ചുവച്ചു. ഈ മാനസിക സംഘര്‍ഷത്തിലാണ് പെണ്‍കുട്ടികള്‍ ജീവനൊടുക്കിയതെന്നാണ് കുറ്റപത്രം.
പീഡനവിവരം മറച്ചുവച്ചെന്നും പ്രതികള്‍ക്ക് വേണ്ട ഒത്താശ ചെയ്തെന്നുമുള്ള കുറ്റം ചുമത്തിയാണ് ഇവരെ കേസില്‍ പ്രതി ചേര്‍ത്തത്. അതേസമയം സിബിഐ നടപടി ചോദ്യം ചെയ്ത് മാതാപിതാക്കള്‍ നല്കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
കോടതി ഇക്കാര്യത്തില്‍ സിബിഐയോട് വിശദീകരണം തേടിയിട്ടുണ്ട്. അടുത്തയാഴ്ച ഹൈക്കോടതി വീണ്ടും ഈ ഹര്‍ജി പരിഗണിക്കും.