റഷ്യ-യുക്രെയ്ൻ യുദ്ധം: മാധ്യമ പ്രവർത്തകർ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു
Tuesday, March 25, 2025 10:51 AM IST
മോസ്കോ: റഷ്യൻ അധിനിവേശപ്രദേശമായ കിഴക്കൻ യുക്രെയ്നിലെ ലുഹാൻസ്ക് മേഖലയിൽ യുക്രെയ്ൻ സൈന്യം നടത്തിയ പീരങ്കിയാക്രമണത്തിൽ മൂന്നു റഷ്യൻ മാധ്യമപ്രവർത്തകർ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു.
റഷ്യയിലെ പ്രമുഖ പത്രമായ ഇൻവെസ്റ്റിയയിലെ മാധ്യമ പ്രവർത്തകൻ അലക്സാണ്ടർ ഫെഡോർചാക്ക്, റഷ്യൻ പ്രതിരോധ മന്ത്രാലയം നടത്തുന്ന ടെലിവിഷൻ ചാനലായ സ്വെസ്ഡയുടെ കാമറ ഓപ്പറേറ്റർ ആൻഡ്രി പനോവ്, ഡ്രൈവർ അലക്സാണ്ടർ സിർകെലി എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ 14 വയസുള്ള ഒരു കുട്ടിയും ഉൾപ്പെട്ടിട്ടുണ്ട്.
ഇസ്വെസ്റ്റിയയിൽ ജോലി ചെയ്യുന്ന ഒരു ഫ്രീലാൻസ് മാധ്യമപ്രവർത്തകൻ ജനുവരിയിൽ യുക്രെയ്നിൽ കൊല്ലപ്പെട്ടിരുന്നു. റഷ്യയും യുക്രെയ്നും തമ്മിൽ മൂന്ന് വർഷത്തിലേറെയായി നടക്കുന്ന യുദ്ധത്തിൽ ലുഹാൻസ്ക് മേഖലയുടെ ഏതാണ്ട് മുഴുവൻ പ്രദേശങ്ങളും റഷ്യൻ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. ഞായറാഴ്ച രാത്രിയിൽ റഷ്യ യുക്രെയ്നിലുടനീളം നടത്തിയ ഡ്രോണുകളുടെ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു.