ബംഗളൂരുവിൽ യുവാവിനെ ഭാര്യയും മാതാവും കൊലപ്പെടുത്തി
Tuesday, March 25, 2025 12:46 AM IST
ബംഗളൂരു: കർണാടകയിൽ യുവാവിനെ ഭാര്യയും ഭർതൃമാതാവും കൊലപ്പെടുത്തി. ലോക്നാഥ് സിംഗ്(37) ആണ് മരിച്ചത്.
വിവാഹേതര ബന്ധങ്ങളും നിയമവിരുദ്ധ ബിസിനസ് ഇടപാടുകളെയും തുടർന്നാണ് ലോക്നാഥിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച ചിക്കബനവാരയിലെ വിജനമായ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഒരു കാറിൽ നിന്നുമാണ് ലോക്നാഥ് സിംഗിന്റെ മൃതദേഹം കണ്ടെത്തിയത്.
പ്രതികൾ ഭക്ഷണത്തിൽ ഉറക്കഗുളിക നൽകി ലോക്നാഥിനെ ബോധരഹിതനാക്കി. പിന്നീട് അവർ ലോക്നാഥിനെ ഒരു ആളൊഴിഞ്ഞ സ്ഥലത്ത് എത്തിക്കുകയും തുടർന്ന് കത്തി ഉപയോഗിച്ച് കഴുത്തറത്ത് കൊല്ലുകയുമായിരുന്നു.
രണ്ട് വർഷമായി പ്രണയത്തിലായിരുന്ന യുവതിയെ കഴിഞ്ഞ ഡിസംബറിലാണ് ലോക്നാഥ് വിവാഹം ചെയ്തത്. ഈ ബന്ധത്തെ ലോക്നാഥിന്റെ കുടുംബം എതിർത്തിരുന്നു.
വിവാഹം കഴിഞ്ഞയുടനെ ലോക്നാഥ് ഭാര്യയെ അവളുടെ മാതാപിതാക്കളുടെ വീട്ടിൽ ആക്കി. രണ്ടാഴ്ച മുമ്പാണ് യുവതിയുടെ കുടുംബം വിവാഹത്തെക്കുറിച്ച് അറിയുന്നത്. തുടർന്നാണ് യുവതിയും കുടുംബവും ലോക്നാഥിന്റെ വിവാഹേത ബന്ധത്തെക്കുറിച്ചും നിയമവിരുദ്ധമായ ബിസിനസ് ഇടപാടുകളെക്കുറിച്ചും അറിയുന്നത്.
തുടർന്നുള്ള ദിവസങ്ങളിൽ ഇരുവരും നിരന്തരം വഴക്കിടുകയും വിവാഹമോചനം നേടാൻ ആലോചിക്കുകയും ചെയ്തതു. ഇതോടെ ബന്ധം വഷളായി.
ലോക്നാഥ് തന്റെ ഭാര്യവീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതോടെ സ്ഥിതി കൂടുതൽ ഗുരുതരമായി. ഇതോടെ ഭാര്യയും അമ്മയും ചേർന്ന് ലോക്നാഥിനെ കൊല്ലാൻ പദ്ധതിയിട്ടു.
ഒരു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ബംഗുളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരുന്നു ലോക്നാഥെന്ന് പോലീസ് അറിയിച്ചു.