ഗ്യാസ് കൊണ്ടുവന്ന ട്രക്കിന് തീപിടിച്ചു: സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു; ആളപായമില്ല
Tuesday, March 25, 2025 12:05 AM IST
ലക്നോ: ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ ഗ്യാസ് കയറ്റിക്കൊണ്ടുവന്ന ട്രക്കിന് തീപിടിച്ച് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. ഒരു ഗ്യാസ് ഏജൻസിയിലേക്ക് കൊണ്ടുവന്ന ട്രക്കിനാണ് തീപിടിച്ചത്. ബിത്രി ചെയിൻപൂർ പ്രദേശത്തെ രാജൗ പർസാപൂർ ഗ്രാമത്തിന് സമീപമാണ് സംഭവം.
വാഹനത്തിലുണ്ടായിരുന്ന 300 എൽപിജി സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ആളപായമൊന്നും ഉണ്ടായില്ല. എന്നാൽ അപകടം നടന്ന സ്ഥലത്തിന് സമീപമുണ്ടായിരുന്ന വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു.
മഹാലക്ഷ്മി ഗ്യാസ് ഏജൻസിയുടെ ഉടമസ്ഥതയിലുള്ള 345-ലധികം എൽപിജി സിലിണ്ടറുകൾ വഹിച്ചുകൊണ്ടിരുന്ന ട്രക്കിനാണ് തീപിടിച്ചതെന്ന് അധികൃതർ പറഞ്ഞു. വലിയ ശബ്ദത്തിലാണ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത്.
വിവരം ലഭിച്ചയുടൻ പോലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി. തുടർന്ന് രണ്ടര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്.
സ്ഫോടനശബ്ദം മൂന്ന് കിലോമീറ്റർ അകലെ വരെ കേട്ടതായി നാട്ടുകാർ പറഞ്ഞു. കൂടാതെ സ്ഥലത്ത് നിന്ന് അര കിലോമീറ്റർ അകലെയുള്ള വയലുകളിൽ സിലിണ്ടറുകളുടെ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നതായി കണ്ടെത്തി.