അശുതോഷിന് മുന്നിൽ ലക്നോ വീണു; ക്യാപിറ്റൽസിന് തകർപ്പൻ ജയം
Monday, March 24, 2025 11:52 PM IST
വിശാഖപട്ടണം: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ വിജയം. ലക്നോ സൂപ്പര്‍ ജയന്റ്സിനെ ഒരു വിക്കറ്റിന് തകര്‍ത്താണ് ഡൽഹി തങ്ങളുടെ പടയോട്ടത്തിനു തുടക്കം കുറിച്ചിരിക്കുന്നത്. ലക്നോ മുന്നോട്ടുവച്ച 210 എന്ന കൂറ്റൻ വിജയലക്ഷ്യം മൂന്നു പന്ത് ശേഷിക്കെയാണ് ഡൽഹി മറികടന്നത്.
സ്കോർ: ലക്നോ 208/9. ഡൽഹി 211/9 (19.3). 31 പന്തിൽ 66 റൺസ് നേടിയ അശുതോഷ് ശര്‍മ്മയാണ് ഡൽഹിയുടെ വിജയശിൽപ്പി. കൂറ്റൻ വിജയലക്ഷ്യം മുന്നിൽക്കണ്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹിയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റുകളാണ് ഡൽഹിയ്ക്ക് നഷ്ടമായത്.
പവര്‍ പ്ലേ അവസാനിക്കുമ്പോൾ നാലു വിക്കറ്റുകൾ അവർക്ക് നഷ്ടമായി. ഒരു ഘട്ടത്തില്‍ 65 റണ്‍സിന് അഞ്ചുവിക്കറ്റ് എന്ന നിലയില്‍ കൂപ്പുകുത്തിയ ഡല്‍ഹിയാണ് പിന്നീട് അവിശ്വസനീയമാംവിധം തിരിച്ചുവരവ് നടത്തിയത്. ഡുപ്ലസി 18 പന്തിൽ 29 റൺസുമായും അക്സര്‍ പട്ടേൽ 11 പന്തിൽ 22 റൺസുമായും മടങ്ങി.
22 പന്തുകൾ നേരിട്ട സ്റ്റബ്സ് 34 റൺസുമായി മടങ്ങിയതോടെ ഡൽഹിയുടെ പ്രതീക്ഷകൾ മങ്ങിയിരുന്നു. എന്നാൽ അശുതോഷ് കൊടുങ്കാറ്റായതോടെ ഡൽഹി വിജയം കൈവരിക്കുകയായിരുന്നു. ഏഴാം വിക്കറ്റിൽ അശുതോഷ് - വിപ്രാജ് സഖ്യം 22 പന്തിൽ അടിച്ചുകൂട്ടിയ 55 റൺസ് ഡൽഹി വിജയത്തിൽ നിർണായകമായി.
വിപ്രാജ് നിഗം(15 പന്തിൽ 39) റൺസ് നേടി. ലക്നോവിനായി ഷാർദുൽ താക്കൂർ, എം.സിദ്ധാർഥ്, ദിഗ്വേഷ് സിംഗ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലക്നോവിനായി നിക്കോളാസ് പൂരനും മിച്ചൽ മാർഷും മികച്ച പ്രകടനം പുറത്തെടുത്തു.
ഓപ്പണാറായി ക്രീസിലെത്തിയ മാർഷ് 36 പന്തിൽ നിന്നും 72 റൺസും പൂരാൻ 30 പന്തിൽ 75 റൺസും നേടി. ഡൽഹിക്കായി സ്റ്റാർക്ക് മൂന്നും കുൽദീപ് യാദവ് രണ്ടും വിപ്രജ് നിഗം, മുകേഷ് കുമാർ എന്നിവർക്ക് ഓരോ വിക്കറ്റും വീഴ്ത്തി.