13 ഇനങ്ങൾക്ക് സബ്സിഡി; സപ്ലൈകോ റംസാന് ഫെയർ 31 വരെ
Monday, March 24, 2025 9:31 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സപ്ലൈകോ റംസാന് ഫെയറുകള്‍ മാര്‍ച്ച് 31 വരെ സംഘടിപ്പിക്കും. മാര്‍ച്ച് 25 മുതല്‍ 31 വരെ ഓരോ ജില്ലയിലും പ്രധാനപ്പെട്ട ഔട്ട്ലെറ്റുകള് കേന്ദ്രമാക്കിയാണ് റംസാന് ഫെയറുകള്‍ പ്രവര്‍ത്തിക്കുക.
മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പ്രത്യേക ഫെയറുകള്‍ സംഘടിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. സബ്സിഡി നോണ്‍ സബ്സിഡി സാധനങ്ങള്‍ക്കു പുറമേ ബിരിയാണി അരി, മസാലകള്‍ എന്നിവ പ്രത്യേക വിലക്കുറവില്‍ ലഭ്യമാകും.
വിഷു- ഈസ്റ്റര്‍ ഫെയര്‍ ഏപ്രില്‍ 10 മുതല്‍ 19 വരെയാണ് സംഘടിപ്പിക്കുക. ഈ വര്‍ഷത്തെ റംസാന്- വിഷു- ഈസ്റ്റര്‍ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജി.ആര്. അനില്‍ തിരുവനന്തപുരം ഫോര്‍ട്ട് പീപ്പിള്‍സ് ബസാറില്‍ ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് നിര്‍വഹിക്കും.
പതിമൂന്നിന സബ്സിഡി സാധനങ്ങള്‍ ലഭ്യമാക്കുന്നതിനു പുറമേ, 40 ലധികം ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലക്കുറവും പ്രത്യേകം ഓഫറുകളും റംസാന് ഫെയറില്‍ ലഭ്യമായിരിക്കും. സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡായ ശബരി ഉത്പന്നങ്ങള്‍ക്കും വിലക്കുറവ് 30 വരെ നല്‍കും.