വാളയാര്‍ കേസ്; കുറ്റപത്രം റദ്ദാക്കണമെന്ന് പെൺകുട്ടികളുടെ മാതാപിതാക്കൾ
Monday, March 24, 2025 5:40 PM IST
പാലക്കാട് : വാളയാര്‍ കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചു. തങ്ങളെ കൂടി പ്രതിചേർത്ത സിബിഐ നടപടിക്കെതിരെയാണ് ഹർജി നൽകിയത്.
സിബിഐ കുറ്റപത്രം റദ്ദാക്കണമെന്നതാണ് കുട്ടികളുടെ മാതാപിതാക്കളുടെ പ്രധാന ആവശ്യം. കേസിൽ തുടരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സിബിഐ നല്കിയ കുറ്റപത്രങ്ങള്‍ അനുസരിച്ച് ആറ് കേസുകളിലും അമ്മ രണ്ടാം പ്രതിയും അച്ഛന് മൂന്നാം പ്രതിയുമാണ്.
മൂന്നു കേസുകളിൽകൂടി ഇവരെ പ്രതി ചേർക്കാനുള്ള നടപടികൾ തുടരുകയാണ്. 2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടിൽ 13 വയസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ സഹോദരിയായ ഒമ്പത് വയസുകാരിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
മക്കളുടെ മുന്നിൽ വെച്ച് ഒന്നാം പ്രതി അമ്മയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്നും ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയാണെന്നും സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.