വയനാട് പുനരധിവാസ ഭൂമി ഏറ്റെടുപ്പ്; എല്‍സ്റ്റണ്‍, ഹാരിസണ്‍ എസ്റ്റേറ്റുകള്‍ക്ക് തിരിച്ചടി
Monday, March 24, 2025 5:29 PM IST
വയനാട്: വയനാട് പുനരധിവാസ പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കുന്നത് സ്റ്റേ ചെയ്യണമെന്ന എസ്റ്റേറ്റുകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. എല്‍സ്റ്റണ്‍, ഹാരിസണ്‍സ് എസ്റ്റേറ്റുകള്‍ നല്കിയ അപ്പീലുകള്‍ തീര്‍പ്പാക്കിയായിരുന്നു ഹൈക്കോടതി ഉത്തരവ്.
എല്‍സ്റ്റണ്‍ ഏറ്റെടുക്കാനുള്ള നഷ്ടപരിഹാരത്തുക 26 കോടി രൂപ സര്‍ക്കാര്‍ ഉടന്‍ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. നഷ്ടപരിഹാരത്തുക സ്വീകരിക്കാന്‍ ഹൈക്കോടതി രജിസ്ട്രാർക്ക് ഡിവിഷന് ബെഞ്ച് നിർദേശം നൽകി.
നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കുന്നതോടെ എല്‍സ്റ്റണ്‍ ഭൂമിയുടെ കൈവശാവകാശം സര്‍ക്കാരിന് ലഭിക്കും. പുനരധിവാസ പദ്ധതിയുടെ ഉദ്ഘാടന നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് നിർദേശിച്ച ഹൈക്കോടതി ഡിവിഷന് ബെഞ്ച് പുനരധിവാസ പദ്ധതി സമയബന്ധിതമായി തീര്‍പ്പാക്കണമെന്നും വ്യക്തമാക്കി.
ഈ മാസം 27 നാണ് മുഖ്യമന്ത്രി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ തറക്കല്ലിടുന്നത്.