ആരോഗ്യവകുപ്പിലെ വീഴ്ച സഭയിലുന്നയിച്ച് പ്രതിപക്ഷം; കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍ മികച്ചതെന്ന് മന്ത്രി
Monday, March 24, 2025 11:43 AM IST
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലം രോഗി മരിക്കാനിടയായ സാഹചര്യവും ആരോഗ്യവകുപ്പിലെ വീഴ്ചയും ചൂണ്ടിക്കാട്ടി നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്കി പ്രതിപക്ഷം. പി.സി.വിഷ്ണുനാഥ് എംഎല്‍എയാണ് നോട്ടീസ് അവതരിപ്പിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യാനെത്തിയ ആള് ഒടുവില്‍ കുടലിനും കരളിനും അണുബാധയേറ്റാണ് മരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. രക്താര്‍ബുദ ചികിത്സയ്ക്കിടെ എച്ച്ഐവി പോസിറ്റീവ് ആയ സംഭവത്തില്‍ സര്‍ക്കാരിനോട് ചോദ്യമുന്നയിച്ചത് ഹൈക്കോടതിയാണെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്ക് ശേഷം രോഗനിര്‍ണയത്തിന് അയച്ച സാമ്പിളുകള്‍ ആക്രിക്കാരന്റെ കൈയിലെത്തിയ സംഭവവും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍ ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തേക്കാളും മികച്ചതെന്ന് ആരോഗ്യമന്ത്രിക്ക് വേണ്ടി മറുപടി പറഞ്ഞ മന്ത്രി എം.ബി.രാജേഷ് സഭയില്‍ പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങളെ മുന്‍നിര്‍ത്തി ആരോഗ്യമേഖലയെ ഇകഴ്ത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.
ആരോഗ്യപ്രവര്‍ത്തരുടെ ആത്മവീര്യത്തെ തകര്‍ക്കാനുള്ള ശ്രമമാണിതെന്നും മന്ത്രി കുറ്റപ്പെടുത്തി. ആരോഗ്യമേഖലയില്‍ കേരളം ലോകത്തിന് തന്നെ മാതൃകയാണ്. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുമ്പോഴും ആരോഗ്യമേഖലയ്ക്ക് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ കൊടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.