മുഴപ്പിലങ്ങാട് സൂരജ് വധക്കേസ്; ശിക്ഷാവിധി തിങ്കളാഴ്ച
Monday, March 24, 2025 6:28 AM IST
കണ്ണൂർ: മുഴപ്പിലങ്ങാട് സൂരജ് വധക്കേസിലെ പ്രതികളുടെ ശിക്ഷാവിധി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പ്രസ്ഥാപിക്കും. സിപിഎം പ്രവർത്തകനായിരുന്ന സൂരജ് ബിജെപിയിൽ ചേർന്നിരുന്നു. ഈ വിരോധത്തിൽ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
2005 ഓഗസ്റ്റ് ഏഴിനായിരുന്നു സംഭവം. ടി.പി.കേസ് കുറ്റവാളി ടി.കെ.രജീഷ്, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിന്റെ സഹോദരൻ മനോരാജ്, സിപിഎം മുൻ ലോക്കൽ സെക്രട്ടറിമാരായ പ്രഭാകരൻ, പദ്മനാഭൻ എന്നിവരുൾപ്പെടെ ഒമ്പത് പേരാണ് കുറ്റക്കാർ. ഒരാളെ കോടതി വെറുതെ വിട്ടിരുന്നു.
കേസിൽ പ്രതികളായിരുന്ന മക്രേരി തെക്കുന്പാടൻ പൊയിൽ രവീന്ദ്രൻ, മുഴപ്പിലങ്ങാട് ലക്ഷംവീട് കോളനിയിലെ പള്ളിക്കൽ പി.കെ.ഷംസുദ്ദീൻ എന്നിവർ കേസിന്റെ വിചാരണയ്ക്കിടെ മരിച്ചു. അഞ്ച് പേർക്കെതിരെ കൊലപാതകക്കുറ്റവും നാല് പേർക്കെതിരെ ഗൂഢാലോചന കുറ്റവും തെളിഞ്ഞിരുന്നു.
കൊലപ്പെടുത്തുന്നതിന് ആറ് മാസം മുൻപും സൂരജിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. അന്ന് കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് ഇദ്ദേഹം ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ആക്രമിക്കപ്പെട്ടത്.
പ്രതികൾ നിരപരാധികളാണെന്നും അപ്പീൽ പോകുമെന്നും സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.