വിശ്വാസികൾക്ക് മുന്നിൽ ഫ്രാൻസിസ് മാർപാപ്പ; പ്രാർഥനകൾക്ക് നന്ദിയറിയിച്ചു
Sunday, March 23, 2025 4:47 PM IST
വത്തിക്കാൻ സിറ്റി: ആശുപത്രിവാസത്തിന് ശേഷം വിശ്വാസികളെ അഭിസംബോധന ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. റോമിലെ ജമേലി ആശുപത്രിയിലെ ജനാലയ്ക്ക് അരികിലെത്തി തടിച്ചുകൂടിയ വിശ്വാസ സമൂഹത്തെ മാർപാപ്പ കൈവീശി കാണിച്ചു.
ആയിരക്കണക്കിന് വിശ്വാസികളാണ് ആശുപത്രിയുടെ മുന്നിൽ തടിച്ചുകൂടിയത്. തന്നെ കാണാനെത്തിയവർക്ക് മാർപാപ്പ മൈക്കിലൂടെ സന്ദേശം നൽകി. എല്ലാവരുടെയും പ്രാർഥനകൾക്ക് മാർപാപ്പ നന്ദിയറിയിച്ചു.
ശ്വാസകോശസംബന്ധമായ രോഗം മൂലം ഒരു മാസത്തിലേറെയായി റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. ആശുപത്രിയിലായി 37 ദിവസത്തിനുശേഷമാണ് മാർപാപ്പ വിശ്വാസികളെ നേരിൽ കാണുന്നത്.
അതേസമയം, ആരോഗ്യനില മെച്ചപ്പെട്ട മാർപാപ്പയ്ക്ക് വത്തിക്കാനിൽ രണ്ടു മാസത്തെ വിശ്രമം അനിവാര്യമാണെന്നും മെഡിക്കൽ സംഘത്തിൽപ്പെട്ട ഡോക്ടർ അറിയിച്ചു.
ശ്വാസനാള വീക്കത്തെത്തുടർന്ന് ഫെബ്രുവരി 14നാണ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.