തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്
Sunday, March 23, 2025 3:04 AM IST
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കാർ യാത്രികരായ നാല് പേർക്ക് പരിക്കേറ്റു. കൊല്ലം സ്വദേശി ഷിനുമാത്യു (45), പത്തനാപുരം സ്വദേശികളായ റോസമ്മ (62), ലിജു സിനു (41), പാപ്പച്ചൻ (70) എന്നിവർക്കാണ് പരിക്കേറ്റത്.
ശനിയാഴ്ച വൈകുന്നേരം 4.30ന് എംസി റോഡിൽ പിരപ്പൻകോടിന് സമീപം പാലവിളയിൽ വച്ചായിരുന്നു അപകടം. ആലുവയിൽനിന്ന് തിരുവനന്തപുരത്ത് പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസും തിരുവനന്തപുരത്ത് നിന്ന് വെഞ്ഞാറമൂട് ഭാഗത്തേയ്ക്ക് വരുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ കാറിന്റെ മുൻവശം തകർന്നു. പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.