ട്രെയിനിൽ ഇനി എല്ലാവർക്കും ലോവർ ബർത്ത് ലഭിക്കില്ല
Saturday, March 22, 2025 9:37 PM IST
കൊല്ലം: ട്രെയിനിലെ സീറ്റ് വിഹിതത്തിൽ സുപ്രധാന തീരുമാനം പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ സുഖസൗകര്യങ്ങൾ കണക്കിലെടുത്ത് മുതിർന്ന പൗരന്മാർ, സ്ത്രീകൾ, വികലാംഗർ എന്നിവർക്കുള്ള ലോവർ ബർത്തുകളുടെ വിഹിതം ഇന്ത്യൻ റെയിൽവേ വർധിപ്പിച്ചു.
ഇവർക്ക് അപ്പർ, മിഡിൽ ബർത്തുകൾ ലഭിക്കുമ്പോൾ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഇതുവഴി കുറയ്ക്കാൻ സാധിക്കുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. ഓട്ടോമാറ്റിക് അലോട്ട്മെന്റ് വഴിയാകും ഇനി ലോവർ ബർത്തുകൾ ലഭ്യമാക്കുക. ഇതിനായി ഒരു ഓട്ടോമാറ്റിക് അലോക്കേഷൻ ടെക്നിക് നടപ്പാക്കാനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ.
ഗർഭിണികൾ, 45 വയസോ അതിൽ കൂടുതലോയുള്ള സ്ത്രീ യാത്രക്കാർ, 60 വയസും അതിൽ കൂടുതലുമുള്ള പുരുഷ യാത്രക്കാർ എന്നിവർക്ക് അവർ ബുക്കിംഗ് സമയത്ത് ആവശ്യപ്പെട്ടില്ലെങ്കിൽ പോലും ലഭ്യത അനുസരിച്ച് ഓട്ടോമാറ്റിക്കായി ലോവർ ബർത്തുകൾ അനുവദിക്കും.
യാത്രക്കിടെ ലോവർ ബർത്തുകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ മുതിർന്ന പൗരൻമാർ, വികലാംഗർ, ഗർഭിണികൾ എന്നിവർക്ക് മുൻഗണനയും നൽകും.