കാക്കനാട് ജയിലിലെ ജാതി അധിക്ഷേപം: മെഡിക്കൽ ഓഫീസർ ഒളിവിൽ
Saturday, March 22, 2025 9:17 PM IST
കൊച്ചി: കാക്കനാട്ടെ ജില്ലാ ജയിലിൽ ഫാർമസിസ്റ്റും പട്ടികജാതി വിഭാഗക്കാരിയുമായ ജീവനക്കാരിക്കെതിരേ ജാതീയ അധിക്ഷേപവും വ്യക്തിഹത്യയും നടത്തിയ ജയിൽ മെഡിക്കൽ ഓഫീസർ ഡോ. ബൽന മാർഗരറ്റ് ഒളിവിൽ.
ഫാർമസിസ്റ്റായ ജീവനക്കാരിയുടെ പരാതിയെ തുടർന്ന് പട്ടികജാതി-പട്ടിക വർഗ സംരക്ഷണ നിയമപ്രകാരം (അട്രോസിറ്റി ആക്ട്) ഡോക്ടർക്കെതിരേ ഇൻഫോപാർക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെയാണ് ബൽന മാർഗരറ്റ് ഒളിവിൽ പോയത്.
തൊഴിലിടത്തിൽ തുല്യനീതി ലഭിക്കേണ്ട തന്നോട് മോശമായി പെരുമാറുകയും നിരന്തരം മാനസിക പീഡനം ഏല്പിക്കുകയും ചെയ്യുന്ന ജയിൽ മെഡിക്കൽ ഓഫീസറുടെ നടപടിക്കെതിരേ പരാതിക്കാരിയും ഭർത്താവും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
മറ്റുള്ളവരുടെ മുന്നിൽ വച്ച് ജാതിപ്പേരു വിളിച്ച് അധിക്ഷേപം, മെഡിക്കൽ ഓഫീസറുടെ ശുചിമുറി വൃത്തിയാക്കിക്കൽ, ഇവർ ഭക്ഷണം കഴിച്ച പാത്രം കഴുകിക്കൽ, താനുമായി ഒരേ മുറിയിൽ ഇരിക്കാൻ പറ്റില്ലെന്നു പറഞ്ഞ് പ്രത്യേക കാബിൻ നിർമിച്ച് അതിനുള്ളിലിരുന്നാണ് മെഡിക്കൽ ഓഫീസർ ജോലി ചെയ്തിരുന്നതെന്നും പരാതിക്കാരി പറഞ്ഞു.
തൃക്കാക്കര എസിപി പി.വി. ബേബിക്കാണ് കേസിന്മേൽ തുടരന്വേഷണ ചുമതലയെന്ന് ഇൻഫോപാർക്ക് പോലീസ് ഇൻസ്പെക്ടർ സജീവ് കുമാർ അറിയിച്ചു.