ഷിബിലയുടെ കൊലപാതകം; താമരശേരി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയെ സസ്പെൻഡ് ചെയ്തു
Saturday, March 22, 2025 6:19 PM IST
കോഴിക്കോട്: താമരശേരി സ്വദേശിനി ഷിബിലയെ ലഹരിക്കടിമയായ ഭര്‍ത്താവ് യാസിര്‍ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് താമരശേരി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ നൗഷാദിനെ സസ്പെൻഡ് ചെയ്തു. യാസിറിൽ നിന്ന് ഭീഷണിയുണ്ടെന്നു കാണിച്ച് ഷിബില നൽകിയ പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനാണ് ഗ്രേഡ് എസ്ഐയ്ക്കെതിരെ നടപടിയെടുത്തത്.
റൂറൽ എസ്പി താമരശേരി സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് നടപടി സ്വീകരിച്ചത്. നൗഷാദിനെ അന്വേഷണ വിധേയമായാണ് സസ്പെന്‍ഡ് ചെയ്തത്. യാസിറിനെതിരെ ഷിബില നൽകിയ പരാതി സ്റ്റേഷനിലെ പിആര്‍ഒയുടെ ചുമതലയുണ്ടായിരുന്ന ഗ്രേഡ് എസ്ഐ നൗഷാദ് ആണ് കൈകാര്യം ചെയ്തിരുന്നത്.
ഷിബിലയെ യാസിര്‍ ആക്രമിച്ചതിന് പിന്നാലെ നേരത്തെ പോലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് വീട്ടുകാര്‍ ആരോപിച്ചിരുന്നു.