കെ-റെയില്‍ വരാന്‍ സാധ്യതയില്ല, കേന്ദ്രം അനുമതി നൽകില്ലെന്ന് ഇ.ശ്രീധരന്
Saturday, March 22, 2025 3:31 PM IST
പാലക്കാട്: കെ-റെയില്‍ പദ്ധതി വരാന്‍ യാതൊരു സാധ്യതയുമില്ലെന്ന് മെട്രോമാന് ഇ.ശ്രീധരന്. പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകില്ലെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതി ഉപേക്ഷിച്ചെന്ന് പറയാൻ ഇനിയെങ്കിലും സംസ്ഥാന സർക്കാർ തയാറാകണം. താൻ സമർപ്പിച്ച സെമി സ്പീഡ് റെയിൽ പദ്ധതിക്കുള്ള നിർദേശം നടപ്പാക്കാനാണ് ശ്രമിക്കേണ്ടത്. ഇത് ജനങ്ങൾക്കും പരിസ്ഥിതിക്കും കാര്യമായി ദോഷമുണ്ടാക്കുന്നതല്ല. ഈ പദ്ധതിക്കുള്ള അനുമതി കേന്ദ്ര സർക്കാരിൽ നിന്നു നിന്നും നേടാനാണ് മുഖ്യമന്ത്രി ശ്രമിക്കേണ്ടത്.
കെ.റെയിലിനേക്കാള്‍ വലിയ ഉപകാരപ്രദമായ ഒന്നാണ് താന്‍ സമര്‍പ്പിച്ച പ്രൊപ്പോസല്‍. ഇതിന് റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി വേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പ്രോജക്ട് ആയിട്ടാണ് അത് വരിക. അതേസമയം സംസ്ഥാന സര്‍ക്കാരിന് അതില്‍ 49 ശതമാനം പങ്കും ഉണ്ട്.
കെ.റെയില്‍ തങ്ങള്‍ മാറ്റിവച്ചെന്നും പുതിയ പദ്ധതി എടുക്കാന്‍ തയാറാണെന്നും പറഞ്ഞ് റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതിക്കായി മുഖ്യമന്ത്രി ഒരു കത്തെഴുതണമെന്നും താന്‍ ആവശ്യപ്പെട്ടു. കത്തെഴുതിയിട്ട് താന്‍ തന്നെ മന്ത്രിയെ കണ്ട് അനുമതി വാങ്ങിത്തരാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ആ കത്ത് ഇതുവരെ പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.