"സാഹസികായീട്ടാട്ടാ പിടിച്ചത്...' പോലീസിനെ അഭിനന്ദിച്ച് കൊലക്കേസ് പ്രതി ലിഷോയ്
Saturday, March 22, 2025 12:21 PM IST
കുന്നംകുളം: മൽപ്പിടിത്തത്തിലൂടെ തന്നെ കീഴ്പ്പെടുത്തിയ പോലീസിനെ അഭിനന്ദിച്ച് പെരുന്പിലാവിലെ അക്ഷയ് കൊലപാതകക്കേസിലെ മുഖ്യപ്രതി ലിഷോയ്. പ്രതിയെ പിടികൂടിയശേഷം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പരിശോധനയ്ക്കുശേഷം ജീപ്പിൽ കയറ്റുന്നതിനിടെയാണ് ലിഷോയ് അഭിനന്ദനം പ്രകടിപ്പിച്ചത്.
"പോലീസ് സാഹസികായീട്ടാട്ടാ പിടിച്ചത്... നമ്മള് പഴയ ആളാണ്, അറിയില്ലേ'യെന്നു പ്രതി ദൃശ്യങ്ങൾ പകർത്താനെത്തിയ മാധ്യമങ്ങളോടു ചോദിച്ചു. പ്രതിയെ പോലീസ് ആശുപത്രിയിൽനിന്ന് വീൽചെയറിൽ ജീപ്പിൽ കയറ്റാൻ കൊണ്ടുവരികയായിരുന്നു. പരിക്കേറ്റ് ജീപ്പിൽ കയറാൻ ബുദ്ധിമുട്ടുന്നതിനിടെ "തന്നെ കേറ്യേനില്ലേ, നമ്മളെ ഇങ്ങനെയാക്കീട്ടല്ലേ...'യെന്നു പ്രതി പോലീസിനോടു പറയുന്നുണ്ടായിരുന്നു.
കൊലപാതകക്കേസിലെ പ്രതിയാണെന്നുള്ള യാതൊരു കൂസലുമില്ലാതെയായിരുന്നു ലിഷോയുടെ പ്രതികരണങ്ങൾ. ഇന്നു രാവിലെയാണു കേസിലെ മുഖ്യപ്രതിയായ ലിഷോയ്യെ പോലീസ് കൊലപാതം നടന്ന വീടിനുസമീപത്തെ വീട്ടിൽ ഒളിച്ചുതാമസിക്കുന്നതിനിടെ പിടികൂടിയത്.
തെരച്ചിലിനെത്തിയ പോലീസിനെക്കണ്ട് പ്രതി ഒാടുകയായിരുന്നു. പിന്തുടർന്ന പോലീസ് മൽപ്പിടിത്തത്തിലൂടെ സാഹസികമായാണു കീഴ്പ്പെടുത്തിയത്. തുടർന്ന് വൈദ്യ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഇന്നലെ കൊല്ലപ്പെട്ട സാമാന്യം കായികശേഷിയുള്ള അക്ഷയ്യുടെ ചെറുത്തുനിൽപ്പിനിടെ ലിഷോയ്ക്കു പരിക്കേറ്റതായി പറയുന്നു. മാത്രമല്ല പോലീസിനെക്കണ്ട് ഓടുന്നതിനിടയിലും മൽപ്പിടിത്തത്തിലും പരിക്കുപറ്റിയിരുന്നു.