പെരുമ്പിലാവ് കൊലപാതകം; കൊലയിലേക്ക് നയിച്ചത് റീൽസ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമെന്ന് പ്രതികൾ
Saturday, March 22, 2025 12:04 PM IST
തൃശൂർ: പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊന്നത് റീൽസ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നെന്ന് പ്രതികളുടെ മൊഴി. മരിച്ച അക്ഷയ്ക്ക് താത്പര്യമില്ലാത്ത ആൾക്കൊപ്പം ലിഷോയും ബാദുഎഷയും റീൽസ് എടുത്തു.
ഇത് അക്ഷയ് ചോദ്യംചെയ്യുകയായിരുന്നു. തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ തർക്കവും ഭീഷണിയും നടന്നിരുന്നു. പ്രതികൾ എല്ലാവരും ലഹരിക്കടത്ത് കേസുകളിൽ അടക്കം പ്രതികളാണ് എന്നാണ് വിവരം.
ലഹരി കടത്തുന്നത് സംബന്ധിച്ച തർക്കമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. തൃശൂർ പെരുന്പിലാവിൽ ആണ് യുവാവിനെ വെട്ടിക്കൊന്നത്. പെരുന്പിലാവ് സ്വദേശി അക്ഷയ് (27) ആണ് കൊല്ലപ്പെട്ടത്.
കേസിലെ മുഖ്യപ്രതിയെ പോലീസ് ഓടിച്ചിട്ട് പിടികൂടിയിരുന്നു. മുഖ്യപ്രതി ലിഷോയാണ് പിടിയിലായത്. കൊലപാതകം നടന്ന വീടിന് സമീപത്തു നിന്നാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. കേസിൽ ബാദുഷ, നിഖിൽ, ആകാശ് എന്നിവരെ നേരത്തെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.